മുക്കം: കാൽനട യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി മുക്കം ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ്. മുക്കം നഗരസഭാ കാര്യാലയത്തിന് സമീപത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിനെതിരെയാണ് പരാതി. ഓട്ടോ സ്റ്റാൻഡിൽ രണ്ട് വരിയായി ഓട്ടോറിക്ഷകൾ നിർത്തിയിടുന്നതാണ് ദുരിതത്തിന് കാരണമെന്ന് കാൽനട യാത്രക്കാരും വ്യാപാരികളും പറയുന്നു.
കടകൾക്ക് മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തിയിടാൻ തുടങ്ങിയതോടെ ഉപഭോക്താക്കൾ കടയിൽ കയറാതായി. ഇതോടെ കച്ചവടം കുത്തനെ കുറഞ്ഞു. പരിഹാരം ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. മുക്കത്തെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലാണ് ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നത്.
ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ മാത്രം വീതിയുള്ള റോഡിൽ രണ്ട് വരിയായി ഓട്ടോറിക്ഷകൾ നിർത്തിയിടാൻ തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. നഗരസഭാ കാര്യാലയത്തിന് പിന്നിലുള്ള റവന്യു ഭൂമിയിൽ ഓട്ടോറിക്ഷകൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കാമെന്ന് നഗരസഭാ അധികൃതർ അറിയിച്ചിട്ടും ഓട്ടോ ഡ്രൈവർമാർ തയാറായില്ലെന്നും ആരോപണമുണ്ട്.