കാസര്‍ഗോഡ്: തലച്ചോറിലെ ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ടു ചികിത്സ തേടിയെത്തിയ കാസര്ഗോട്ടുനിന്നുള്ള പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതായി പരാതി.
കാസര്‍ഗോഡ് നഗരസഭാ പരിധിയിലെ അണങ്കൂര്‍ പച്ചക്കാട് സ്വദേശിനി ഫഹ്മ ഫാത്തിമ (12)യ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍ പറയുന്നു.
കാസര്‍ഗോട്ടുനിന്ന് 11നാണ് ആംബുലന്‍സില്‍ ഫഹ്മയെ കോഴിക്കോട്ടേക്കു കൊണ്ടുപോയത്. ഐഡിയോപതിക് ഇന്ട്രാക്രനാല് ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വരോഗം മൂലം ചികിത്സയിലായിരുന്നു പെണ്‍കുട്ടി.
എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ സ്വദേശം കാസര്ഗോഡാണെന്നറിഞ്ഞ് ആംബുലന്‍സില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മനുഷ്യത്വമില്ലാത്ത നിലപാടിനോടൊപ്പം സംസ്ഥാനത്തിനകത്തുതന്നെ കാസര്ഗോട്ടുനിന്നുള്ള രോഗികള്‍ക്ക് അസ്പർശ്യത കല്പിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.