കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയതോടെ കോഴിക്കോടും ഭീതിയില്‍.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്ന കോഴിക്കോട് ജില്ലയില്‍ കൊറോണ മുന്നറിയിപ്പ് കൂടി വന്നതോടെ ജനങ്ങള്‍ ആശങ്കയിലാണ്.
ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 147 പേരാണ് നിരീക്ഷണത്തിലുള്ളത്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് സജീവമായി രംഗത്തുണ്ട്.
ഇന്നലെ സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം വന്നതോടെ തന്നെ നഗരത്തിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്ന് രാവിലെ പതിവായുള്ള തിരക്ക് അനുഭവപ്പെട്ടിട്ടില്ല.
സ്്കൂളുകളും കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ബസുകളിലും തിരക്ക് കുറവാണ്.
പല റൂട്ടുകളിലും നാമമാത്രമായ യാത്രക്കാര്‍ മാത്രമായിരുന്നുള്ളത്. യാത്രക്കാര്‍ കുറഞ്ഞതോടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് സ്വകാര്യ ബസുകാര് പറയുന്നത്.
ചില പിഎസ് സി കോച്ചിംഗ് സെന്ററുകള്‍ ഇന്നലെ വൈകിട്ട് വരെ അവധി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നറിഞ്ഞതോടെ ഇവര്‍ പരിശീലന ക്ലാസുകള്‍ മാറ്റിവച്ചിരിക്കുകയാണ്.
മൊഫ്യൂസില്‍ ബസ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലും സ്ഥിരമായുണ്ടാവുന്ന തിരക്ക് അനുഭവപ്പെടുന്നില്ല. രാവിലെ സര്‍ക്കാര്‍ ഓഫീസുകളിലും പതിവ് തിരക്കുകളുണ്ടായിരുന്നില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി കളക്ടറേറ്റിലെത്തുന്നവരുടെയും എണ്ണത്തില്‍ കുറവുണ്ട്. ബീച്ച് ജനറല്‍ ആശുപത്രി, മെഡിക്കല്‍കോളജ്, കോട്ടപ്പറമ്പ് ആശുപത്രി എന്നി നഗരത്തിലെ ഏറ്റവും തിരക്കനുഭവപ്പെടുന്ന ആശുപത്രികളിലും ഇന്ന് ഒപി വിഭാഗത്തില്‍ തിരക്ക് കുറവാണ്. രോഗികളെ കാണാനായി എത്തുന്ന സന്ദര്‍ശകര്‍ക്കും കുറവുണ്ട്.
വൈകിട്ട് പതിവായുള്ള തിരക്ക് ഇന്നലെയുണ്ടായിട്ടില്ലെന്ന് ട്രാഫിക് പോലീസും അറിയിച്ചു. മാനാഞ്ചിറ, ബീച്ച് പരിസരം, മിഠായിതെരുവ്, സരോവരം എന്നിവിടങ്ങളിലും തിരക്ക് കുറവാണ്. മാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്.
അതേസമയം ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും നാട്ടില്‍ പുറങ്ങളിലെല്ലാം ഉത്സവങ്ങളില്‍ ജനപങ്കാളിത്തം കൂടുതലാണ്.
ഇന്നും അടുത്ത ദിവസങ്ങളിലുമായി കോഴിക്കോട് നഗരപരിധിയില്‍ തിറ-താലപ്പൊലി മഹോത്സവങ്ങള്‍ നടക്കുന്നുണ്ട്. കൊറോണ ഭീതി നിലനില്‍ക്കുണ്ടെങ്കിലും ഉത്സവാഘോഷങ്ങള്‍ പതിവുപോലെ തന്നെ നടത്താനാണ് തീരുമാനം.
അതേസമയം സര്‍ക്കാറിന്റെ പൊതുപരിപാടികളും വിവിധ സംഘടനകളുടെ പരിപാടികളും സമ്മേളനങ്ങളും മാറ്റിവച്ചു.