കോഴിക്കോട്: കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടെ നഗരം വീണ്ടും പൂര്‍വ സ്ഥിതിയിലേക്ക്. സരോവരംപാര്ക്കും കോഴിക്കോട് ബീച്ചിനും പിന്നാലെ മാനാഞ്ചിറ മൈതാനവും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.
ഇതോടൊപ്പം കോഴിക്കോട് മിഠായിത്തെരുവില്‍ ഇരിക്കാനുള്ള സൗകര്യവും പുനസ്ഥാപിച്ചതോടെ നഗരത്തില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി.
മാനാഞ്ചിറ ജിംനേഷ്യം നേരത്തെ തന്നെ തുറന്നിരുന്നുവെങ്കിലും മൈതാനം പൂര്‍ണമായി തുറന്നുകൊടുത്തിരുന്നില്ല. രാവിലെ ആറു മുതല്‍ 10 വരെയും ഉച്ചക്ക് മൂന്നു മുതലുമാണ് പ്രവേശനം.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം സന്ദര്‍ശകര്‍ എത്തേണ്ടത്. കൂടുതൽ പേരെ ആകർഷിക്കുന്ന തരത്തിലാണ് മാനാഞ്ചിറ ഒരുങ്ങിയത്.
ബിഇഎം സ്കൂളിന് മുന്നില്‍ തുറന്ന നാലാമത് പുതിയ പ്രവേശന കവാടമാണ് ഏറ്റവും ആകർഷണീയമായ പ്രത്യേകത.
പുതിയ നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ഓപൺ സ്റ്റേജ്, ആംഫി തിയറ്റർ, സിസിടിവി കാമറകൾ, ഹൈമാസ്റ്റ്, മിനിമാസ്റ്റ് സോളാര്‍ വിളക്കുകള്‍, തുറന്ന ജിംനേഷ്യങ്ങള്‍ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയാണ് കോവിഡിനുശേഷം മാനാഞ്ചിറ തുറന്നത്.
മൈതാനത്തെ ഓപണ്‍ ജിമ്മും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാം. എന്നാല്‍, നവീകരിച്ച കഫ്ത്തീരിയയും ശുചിമുറികളും തുറന്നുനല്‍കില്ല.
കൗണ്‍സില്‍ നടക്കാത്തതിനാല്‍ ഇവയുടെ ചുമതലക്കായി ടെന്ഡര്വിളിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പുതിയ കൗണ്‍സില്‍ വന്നാല്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും കോർപറേഷന് അധികൃതര്‍ അറിയിച്ചു.
വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറിനും ഭിന്നശേഷിക്കാര്‍ക്കുമടക്കം പ്രത്യേക ശുചിമുറി സമുച്ചയം തയാറായിട്ടുണ്ട്. ചുറ്റുമതിലില്‍ പുത്തന്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചു.
കൂടാതെ ചുറ്റുമതിലും വയറിംഗും നവീകരിച്ചു. കൂടാതെ പാര്‍ക്കുകളും കുളവും നവീകരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെയും നവീകരണത്തിന്റെയും പശ്ചാത്തലത്തില്‍ അടച്ചിട്ടതായിരുന്നു മാനാഞ്ചിറ മൈതാനം.