
കോഴിക്കോട്: നഗരത്തിൽ കൊറോണ-പക്ഷിപനി ഭീതി തുടരുന്നതിനിടെ നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനടക്കം ആറ് ഭരണപക്ഷ കൗൺസിലർമാർ ദുബായിൽ വിനോദയാത്രയ്ക്ക് പോയതായി ആരോപണം.
കൗൺസിലിനെ അറിയിക്കാതെയും മേയറുടെ അനുമതി ഇല്ലാതെയുമാണ് കെ.വി. ബാബുരാജ് , ആരോഗ്യ കമ്മിറ്റിയംഗങ്ങളായ മുല്ലവീട്ടിൽ മൊയ്തീൻകോയ, വി.ടി.സത്യൻ, പി.ബിജുലാൽ എന്നിവരും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ മാസ്റ്റർ. എം.പി. സുരേഷ് എന്നീ ആറുപേർ വിനോദയാത്രയ്ക്ക് പോയതെന്ന് യുഡിഎഫിലെ സയ്യിദ് മുഹമ്മദ് ഷമീൽ ആരോപിച്ചു.
യാത്രയുടെ കാര്യം അജണ്ടയിൽ ഉൾപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ തന്റെ അനുമതിയോടെയാണ് ഇവർ യാത്ര പുറപ്പെട്ടതെന്ന് മേയർ മറുപടി നൽകി.
കൗൺസിലർമാർ സഹകരിക്കുന്നില്ലെന്ന് കളക്ടർ
കോഴിക്കോട്: പക്ഷിപനി മുൻകരുതലിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വളർത്തുപക്ഷികളെ നശിപ്പിക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ സഹകരിക്കുന്നില്ലെന്ന് ജില്ലാ കളക്ടറുടെ പരാതി.
ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വളർത്തുപക്ഷികളെ കൊന്നൊടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കൗൺസിലർമാരിൽനിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന് കളക്ടറും , മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും തന്നെ ഫോണിൽവിളിച്ച് പരാതിപ്പെട്ടതായി മേയർ പറഞ്ഞു.
എന്നാൽ കളക്ടറുടെ ആരോപണം ശരിയല്ലെന്ന് വേങ്ങേരി-തടന്പാട്ടുതാഴം കൗൺസിലർമാരായ യു.രജനിയും, കെ.രതീദേവിയും വ്യക്തമാക്കി.
വളർത്തുപക്ഷികളെ നശിപ്പിക്കുന്നതിന്റെ ഭാഗമായി അതിരാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വീടുവിട്ടിറങ്ങുന്ന തങ്ങൾ വൈകിയാണ് തിരിച്ചെത്തുന്നതെന്നും കളക്ടറുടെ ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
വാർഡുകൾ നിശ്ചയിച്ചതിൽ വന്ന പിഴവാകാം ഇത്തരമൊരു പരാതിക്കു കാരണമെന്ന് ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ്.ഗോപകുമാർ വിശദീകരിച്ചു.
പക്ഷിപ്പനി റിപ്പോർട്ടുചെയ്ത വേങ്ങേരിയിലും തൊട്ടടുത്ത തടന്പാട്ടുതാഴത്തും പരിശോധന നടത്താനായിരുന്നു ആദ്യതീരുമാനം . എന്നാൽ ഒരുകിലോ മിറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെകൂടി നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ചില സമീപ വാർഡുകളിലും പരിശോധന നടത്തേണ്ടി വന്നു.
പന്ത്രണ്ടാം വാർഡായ പറോപ്പടിയിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ജനക്കൂട്ടം തടഞ്ഞ അവസ്ഥയുണ്ടായതായും അദ്ദേഹം പറഞ്ഞു.
എന്റെ കോഴിക്ക് രോഗമില്ലെന്ന ന്യായം പറയുന്നവർ ജനങ്ങളുടെ ജീവന് പ്രാധാന്യം നൽകുകയാണ് വേണ്ടതെന്നും, പ്രശ്നത്തിൽ നഗരസഭ കർശനമായി ഇടപെടുമന്നും മേയർ വ്യക്തമാക്കി.
കോഴികൾ , വളർത്തുപക്ഷികൾ എന്നിവയേക്കാൾ വലുത് മനുഷ്യനാണെന്ന ബോധം പ്രതിഷേധക്കാർക്ക് ഉണ്ടാവണമെന്ന് മേയർ പറഞ്ഞു.