
കോഴിക്കോട്: കോവിഡ്-19ന്റെ ഭാഗമായി നിലച്ച നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ കച്ചവടം പുനഃരാരംഭിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റുള്‍പ്പെടെ പന്നിയങ്കര, കല്ലായി, മീഞ്ചന്ത, മാങ്കാവ് എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ മത്സ്യം എത്തിതുടങ്ങി.
എട്ട് ലോഡ് മത്സ്യമാണ് ഇന്നലെ മാത്രം നഗരത്തിലെത്തിയത്. 6000 കിലോ മത്സ്യവുമായാണ് ഓരോ ലോഡും എത്തിയത്. ഇന്ന് മുതല്‍ നഗരത്തിലുള്ള കോര്‍പറേഷന്റെ 16 മാര്‍ക്കറ്റുകളിലും മത്സ്യമെത്തിക്കാനാണ് തീരുമാനം .
വ്യാപാരികളുമായി മേയര്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച പ്രകാരം കര്‍ശന വില നിയന്ത്രണത്തിലാണ് വില്‍പ്പന പുനഃരാരംഭിച്ചത്. മത്തിക്ക് 160 മുതല്‍ 170 വരെയും അയലയ്ക്ക് 230 രൂപയും ചെമ്മീന്‍ 270 മുതല്‍ 330വരെയും കണ മീനിന് 140 രൂപയും മുള്ളന്‍ 140 രൂപയും ആവോലിക്ക് 450 രൂപയുമായിരുന്നു ഇന്നലെ മാര്‍ക്കറ്റുകളിലെ വില.
സുരക്ഷാ മുന്‍കരുതലുള്ളതിനാല്‍ വിരലിലെണ്ണാവുന്ന വ്യാപാരികള്‍ മാത്രമാണ് കച്ചവടത്തിനിറങ്ങിയത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 150 ലേറെ മൊത്തകച്ചവടക്കാരുള്ളതില് 12 പേര് മാത്രമാണ് കച്ചവടം നടത്തിയത്. നിശ്ചിത അകലം പാലിച്ച് വാങ്ങാനെത്തുന്നവര്‍ തടിച്ച് കൂടുന്നത് തടഞ്ഞ് കൊണ്ടായിരുന്നു വില്‍പ്പന.
മത്സ്യത്തിന്റെ വില പ്രദര്‍ശിപ്പിക്കുമെന്ന് അധികാരികള്‍ പറഞ്ഞിരുന്നുവെങ്കിലും പട്ടിക വച്ചിരുന്നില്ല. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായയിട്ടായിരുന്നു സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നിര്‍ത്തിവച്ചത്.
കച്ചവടക്കാരുടെ ആവശ്യ പ്രകാരം കഴിഞ്ഞ ദിവസം രാവിലെ ഏഴ് മുതല്‍ പത്ത് വരെ പരീക്ഷണാടിസ്ഥാനത്തില്‍ കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും കച്ചവടക്കാരും മത്സ്യം വാങ്ങാന്‍ വന്നവരും കൂടിയതോടെ കോര്പറേഷന് ആരോഗ്യവിഭാഗവും പോലീസും ഇടപെടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കച്ചവടം സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാത്രമാക്കാതെ വികേന്ദ്രീകരിച്ച് എല്ലാ മാര്ക്കറ്റിലുമാക്കാന് ധാരണയായത്.
രാവിലെ ഏഴ് മുതല്‍ 10 വരെയുള്ള സമയത്ത് രണ്ട് ലോറികള്‍ മാത്രം സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. ലോഡിറക്കികഴിഞ്ഞാല് ചെറുകിട വില്പന തുടങ്ങാം. അഞ്ച് മീറ്റര്‍ അകലത്തില്‍ ഇരുന്ന് മാത്രമേ കച്ചവടം പാടുളളൂ.
അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ മത്സ്യത്തിനായി കൂടി നില്‍ക്കരുത്. മൊത്ത വിലയേക്കാള്‍ 20 ശതമാനം വരെ അധിക തുകയ്ക്ക് മാത്രമേ മത്സ്യം വില്ക്കാന് പാടുള്ളൂ. നഗരസഭയുടെ മറ്റ് 15 മാര്‍ക്കറ്റുകളിലും ഈ രീതി തുടരണമെന്നുമാണ് തീരുമാനം.
ഓള് കേരള ഫിഷ് മര്‍ച്ചന്റ്സ് ആന്‍ഡ് കമ്മീഷന് ഏജനന്റ്സ് അസോസിയേഷന് കീഴിലുള്ള 15 ലോറികളാണ് മത്സ്യമെത്തിക്കുന്നത്. നല്ലളം, അരക്കിണര്‍, എലത്തൂര്‍, പുതിയങ്ങാടി, വെള്ളയില്‍, കോവൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, ഇടിയങ്ങര, കരിക്കാംകുളം, ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ മത്സ്യമെത്തിക്കാനാണ് ശ്രമം.