കോഴിക്കോട്: ജില്ലയില്‍ പ്രളയക്കെടുതികള്‍ അതിജീവിച്ചവര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണാ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടി പദ്ധതി . ശാസ്ത്രീയവും സംഘടിതവുമായ ഇടപെടല്‍ നടത്തുന്നതിന് വേണ്ടിയാണ് വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹായത്തോടു കൂടി പദ്ധതി തയാറാക്കിയത്.
ഇതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ചെയര്‍മാനായി മോണിറ്ററിംങ് കമ്മിറ്റി രൂപീകരിച്ചു. സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ഇംഹാന്‍സ്, കോമ്പസിറ്റ് റീജീയണല്‍ സെന്റര്‍, ജില്ലാമെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എന്നീ സംവിധാനങ്ങള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ജില്ലയില്‍ ഇതിനകം 150 കൗണ്‍സിലര്‍മാര്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയവരുടെ വിദഗ്ധഗ്രൂപ്പും സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാര്‍ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നവരുടെ ഭവനം സന്ദര്‍ശിക്കും. ആളുകളുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങള്‍ മനസ്സിലാക്കും.
വീടുകളില്‍ നേരിട്ടെത്തി കൗണ്‍സലിംഗ് സേവനങ്ങള്‍ നല്‍കുന്നത് പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഗുണകരമാവും. മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നവരെ കണ്ടെത്തി ഇംഹാന്‍സ്, ഡിഎംഎച്ച്പി സംവിധാനങ്ങള്‍ വഴി വിദഗ്ധ സേവനങ്ങള്‍ ലഭ്യമാക്കും. കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങളും നടത്തും. ഭവന സന്ദര്‍ശനത്തിനിടെ ആളുകള്‍ക്ക് സംഭവിച്ചിട്ടുള്ള ഭൗതിക നഷ്ടങ്ങളും കണക്കാക്കും.
ആളുകളുടെ അടിയന്തിര ആവശ്യങ്ങള്‍ മനസ്സിലാക്കി വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനം കൂടി ഏറ്റെടുക്കും. കൗണ്‍സിലര്‍മാര്‍ക്ക് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ആളുകളെ നേരില്‍ കാണുന്നതിനുമുള്ള എല്ലാ സഹായ സഹകരണങ്ങളും ഏര്‍പ്പെടുത്തേണ്ടത് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്.
പ്രകൃതി ദുരന്താനന്തരം ഉണ്ടാകാനിടയുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശാസ്ത്രീയമായ രീതികള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ഈ രംഗത്ത് വൈദഗ്ധ്യം ഇല്ലാത്തവര്‍ പലതരത്തിലുമുള്ള അശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയേയോ സാമൂഹ്യ നീതി ഓഫീസറെയോ സമീപിക്കേണ്ടതാണ്. ഫോണ്‍ 0495 2371911.