കോഴിക്കോട്: കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ സമീപജില്ലയായ കോഴിക്കോട് ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക്
സംസ്ഥാനത്താകെ 10 ശതമാനം മാത്രമേയുള്ളൂ . അതേസമയം കണ്ണൂരില്‍ 20 ശതമാനമാണ്. ഇതോടെ സമീപജില്ലയായ കോഴിക്കോട്ടും ആശങ്ക പടര്‍ന്നു. ജില്ലയില്‍ തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സ്ഥിരീകരിച്ചിരുന്നു.
മത്സ്യവ്യാപാരിയുടെ സമ്പര്‍ക്കപട്ടികയില്‍ 86 പേരാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെല്ലാം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
രോഗവ്യാപനത്തിന് സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ പതിവുകാഴ്ചയായി മാറി. പോലീസിനും ആരോഗ്യവകുപ്പിനും ഇത് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത്. അതിഥിതൊഴിലാളികള്‍ ഉള്‍പ്പെടെ കൂട്ടത്തോടെ പുറത്തിറങ്ങിയാണ് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത്.
കടകളില്‍ എത്തുന്നവര്‍ നിശ്ചിതഅകലം പാലിക്കണമെന്നാണ് നിര്‍ദേശമെങ്കിലും പാലിക്കപ്പെടുന്നില്ല. ബാങ്കുകള്‍, സ്വകാര്യ- ധനകാര്യ സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, തുടങ്ങി എല്ലായിടത്തും ജനങ്ങള്‍ തടിച്ചു കൂടുന്ന സ്ഥിതിയാണ്.
ബസുകളില്‍ യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടുപോയ സംഭവം വരെ കോഴിക്കോട് നഗരത്തിലുണ്ടായി. ഇതെല്ലാം ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ലോക്ക്ഡൗണിന് മുമ്പ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ്- 19 നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോടായിരുന്നു.
മാര്‍ച്ച് 17 ന് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 12740 പേരില്‍ 3215 പേരും കോഴിക്കോട് നിന്നുള്ളവരായിരുന്നു. എന്നാല്‍ ഈ മാസം ആദ്യവാരത്തോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എല്ലാവരും രോഗമുക്തരായി.
എന്നാല്‍ പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ആകെ 59 കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇപ്പോള്‍ 31 പേര് പോസിറ്റീവായി ചികിത്സയിലുണ്ട്. കേസുകളുടെ എണ്ണം വരും ദിവസങ്ങളിലും വര്‍ധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.