കൊണ്ടോട്ടി: സ്വർണക്കടത്ത് ബന്ധങ്ങൾ ചെന്നെത്തുന്നത് കേവലം ജ്വല്ലറികളിലേക്ക് മാത്രമല്ല, സംസ്ഥാനത്തെ രാഷ്ട്രീയ, സിനിമ മേഖലയിലേക്ക് കൂടിയാണ്. സ്വർണക്കടത്തിന്റെ ഇടനിലക്കാരിൽ പലപ്പോഴും രാഷ്ട്രീയ-സിനിമ ബന്ധങ്ങൾ ഏറെയാണ്.
സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന നടീനടന്മാരെ വരെ പ്രയോജനപ്പെടുത്തി സ്വർണക്കടത്തിന് ആക്കം കൂട്ടുന്പോൾ സംഘത്തിന് പലപ്പോഴും ബലം ലഭിക്കാൻ പ്രമുഖ രാഷ്ട്രീയക്കാരുമായി കൂട്ടുകെട്ടുണ്ടാക്കുന്നു.
സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് വലിയ പണമുടക്കുന്ന ആഡംബര ജീവിതം നയിക്കുന്നവർ സ്വർണക്കടത്തിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവരിൽ സ്വർണം കൊടുത്തയക്കുന്ന പ്രവണത അടുത്തിടെ വരെയുണ്ടായിരുന്നു. സെലിബ്രിറ്റി ആയതിനാൽ കസ്റ്റംസ് പരിശോധനകൾ കുറയുമെന്ന ധാരണയാണ് ഇതിന് പിന്നിലുളളത്.
കൊച്ചിയിലും കൊടുവളളിയിലും പിടിക്കപ്പെട്ട സ്വർണക്കടത്തുകാർക്ക് ഇടത്-വലത് പാർട്ടികളിലെ പ്രമുഖന്മാരുമായി ബന്ധമുണ്ടെന്നത് കേരള രാഷ്ട്രീയത്തിൽ തന്നെ ഏറെ വിവാദമായിരുന്നു. തിരുവനന്തപുരം കളളക്കടത്ത് കേസിലും രാഷ്ട്രീയബന്ധങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.