മുക്കം: ഒരു മാസം മുൻപായിരുന്നു ചേന്ദമംഗല്ലൂർ ആറ്റുപുറം കോളനിയിൽ മണ്ണിടിച്ചിലുണ്ടായത്. കോളനിയിലെ സജീവന്റെ വീടിന്റെ സംരക്ഷണഭിത്തിയും വീടിനോട് ചേർന്ന കോൺക്രീറ്റ് മതിലുമെല്ലാം തൊട്ട് താഴെയുള്ള മൂലക്കണ്ടിയിൽ ലത്തീഫ് ,മുത്താപ്പുമ്മൽ ബീരാൻ എന്നിവരുടെ വീടിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ മുന്ന് വീടുകളും അപകട ഭീഷണിയിലായി. മാസം ഒന്ന് തികയാറായിട്ടും ലത്തീഫ് ,സജീവൻ എന്നിവരുടെ കുടുംബങ്ങൾ ഇപ്പാഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.
ലത്തീഫിന്റെ കുടുംബം ചേന്ദമംഗല്ലുർ സ്കുളിലാണ് കഴിയുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമായി എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്നാണ് ലത്തീഫ് ചോദിക്കുന്നത്. സ്കൂൾ ഉള്ള ദിവസം ഉച്ചഭക്ഷണം സ്കൂളിൽ നിന്ന് ലഭിക്കും. അല്ലാത്ത സമയങ്ങളിലും അവധി ദിനത്തിലും കാശ് മുടക്കി ഹോട്ടലിൽ നിന്ന് കഴിക്കണം.
മത്സ്യ കച്ചവടക്കാരനായ ലത്തീഫിന് ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല സ്കൂൾ പ്രവർത്തിക്കുന്ന സമയത്ത് ഭാര്യയടക്കമുള്ളവർ അടുത്ത വീടുകളിലേക്ക് പോവുകയും ചെയ്യണം. നിലവിൽ അപകടാവസ്ഥയിൽ തുടരുന്ന വീട്ടിൽ താമസിക്കാൻ സാധ്യമല്ല. വീട്ടിലേക്ക് പതിച്ച മണ്ണും കോൺക്രീറ്റ് സ്ലാബുമടക്കം ഇനിയും ഇവിടെ നിന്ന് മാറ്റിയിട്ടില്ല. സ്ലാബ് ഇരുമ്പ് തൂൺ ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുകയാണ്.
വീട് തീർത്തും താമസ യോഗ്യമല്ലാതായതോടെ സജീവന്റെ കുടുംബം ആറ്റുപുറം അംഗൻവാടിയിലെ ഒറ്റമുറിയിലാണ് താമസം .അപകട ഭീഷണിയിലായ വീട് മധ്യഭാഗം പിളർന്ന് കൊണ്ടിരിക്കുകയാണന്നാണ് റവന്യു അധികൃതർ അറിയിച്ചത്.
ആകെയുള്ള ഭൂമിയും ഉപയോഗശൂന്യമായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ നിർധന കുടുംബവും. ഈ കോളനിയിൽ മറ്റ് കുടുംബങ്ങളും മണ്ണിടിച്ചിൽ ഭീതിയിലാണ്. എത്രയും പെട്ടന്ന് നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കോളനിയിലെ നിരവധി പാവപ്പെട്ട കുടുംബങ്ങൾ.