
കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പിടിച്ച് മൃഗസംരക്ഷണവകുപ്പിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയ പൂച്ചകളില്‍ ഒന്ന് ചത്തു.
എന്നാല്‍ ഇതിന് കോവിഡ് രോഗബാധയോ ബന്ധപ്പെട്ട പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും പിടിക്കുന്ന സമയത്തു തന്നെ ഇതിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണം.
അമ്മയും രണ്ട് കുഞ്ഞുങ്ങളും രണ്ട് വലിയ കണ്ടന് പൂച്ചകളുമാണ് വാര്‍ഡിന് സമീപം തമ്പടിച്ചത്. രോഗികളുടെ പരാതിയെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ബംഗാളികളായ നായപിടിത്തക്കാരുടെ സഹായത്തോടെ ഇവയെ വലയിട്ടു പിടിച്ചത്.
നായപിടിത്തക്കാരും മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും കോവിഡ് സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. പൂച്ചകളെയും മൂടിക്കെട്ടിയാണ് പുറത്തെത്തിച്ചത്. ഇതില്‍ അമ്മപ്പൂച്ചയാണ് മൃഗസംരക്ഷണവകുപ്പിന്റെ എബിസി കേന്ദ്രത്തില്‍ വച്ച് ചത്തത്.
മറ്റു പൂച്ചകള്‍ ഇപ്പോഴും എബിസി കേന്ദ്രത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അമ്മ ഇല്ലാതായതോടെ സിറിഞ്ച് വഴി പാല് നല്‍കിയാണ് കുഞ്ഞുങ്ങളുടെ ജീവന് നിലനിര്‍ത്തുന്നത്. രണ്ട് വലിയ കണ്ടന് പൂച്ചകള്‍ക്കും വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നു ജീവനക്കാര്‍ പറയുന്നു.