സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വനത്തിൽപോകുന്ന ടൂറിസ്റ്റുകൾക്ക് വനം വകുപ്പ് ഏർപ്പെടുത്തിയ കർശന സമയക്രമം വനത്തിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന ടാക്സി ജീപ്പുകൾക്ക് വിനയായി. ഇതോടെ ടൂറിസ്റ്റുകൾക്ക് വനത്തിലേക്ക് പ്രവേശിക്കുന്നതിന് അവസരവും കുറഞ്ഞു.
വനത്തിൽ പ്രവേശിക്കുന്നതിന് വനം വകുപ്പ് അനുവദിച്ചിരിക്കുന്ന സമയം രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ചുവരെയുമാണ്. ഈ സമയത്തിനുള്ളിൽ മാത്രമെ വനത്തിലേക്ക് പ്രവേശിക്കാൻ ടിക്കറ്റ് നൽകുകയുള്ളു. അഞ്ച് മിനിറ്റ് താമസിച്ചാൽ പിന്നെ വനത്തിൽ പ്രവേശനം നിഷേധിക്കപ്പെടും.
രാവിലെയും വൈകിട്ടും മൂന്ന് മണിക്കൂർ വീതമാണ് വനത്തിൽ പ്രവേശിക്കാനുള്ള സമയം. ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ടൂറിസ്റ്റുകൾക്ക് വനം വകുപ്പിന്റെ ഈ പരിമിതമായ സമയം പാലിക്കാൻ കഴിയാത്തതിനാൽ പലപ്പോഴും കാടും മൃഗങ്ങളെയും കാണാനുള്ള മോഹം പാതി വഴിയിൽ ഉപേക്ഷിച്ച് പോകേണ്ടി വരുന്നു.
30 ടാക്സി ജീപ്പുകൾക്കാണ് വനം വകുപ്പ് വനത്തിൽ പോകുന്നതിന് അനുവാദം നൽകിയിട്ടുള്ളത്. ഒരു ജീപ്പിൽ എട്ട് പേർക്ക് മാത്രമെ പോകാൻ പറ്റുകയുള്ളു. വനം വകുപ്പിന്റെ കർശന നിയമങ്ങൾ പാലിക്കണം. 16 കിലോമീറ്റർ വിസ്തൃതിയിലാണ് വനത്തിനുള്ളിലൂടെ വാഹനങ്ങൾ ടൂറിസ്റ്റുകളെയും കയറ്റി പോകുന്നത്. പ്രവേശന സമയം വർധിപ്പിച്ചില്ലെങ്കിൽ ടാക്സി ഡ്രൈവർമാർ പട്ടിണിയിലാകും.