കോഴിക്കോട്: ജ്വല്ലറി ഉടമയുടെ സ്കൂട്ടറില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍ .
അരീക്കാട് സുന്ദരം ജ്വല്ലറി ഉടമയുടെ സ്കൂട്ടറില്‍ നിന്ന് 84 പവന് സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയുമടങ്ങിയ ബാഗ് കവര്‍ന്ന കേസിലെ പ്രതികളായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കിഷോര്‍ ഹരിദാസൻ (21), തേഞ്ഞിപ്പാലം ദേവയാനി ഹരിജന്‍ കോളനിയിലെ കൊളപ്പുള്ളി സുമോദ് (23), അനുജൻ സുമേഷ് (20), ദേവയാനി ഹരിജന്‍ കോളനിയിലെ സുഭാഷ് (20) പ്രായപൂര്‍ത്തിയാവാത്ത കണ്ണൂര്‍ സ്വദേശി എന്നിവരാണ് പിടിയിലായത്.
ഇതില്‍ കിഷോര്‍ നല്ലളം, ഫറോക്ക് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവർച്ചാ കേസിലെ പ്രതിയാണ്. മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കിഷോറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ കോടതി ജുവൈനല്‍ ഹോമിലേക്ക് മാറ്റി.
നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ എയർപിസ്റ്റൽ കേന്ദ്രീകരിച്ച് കസബ-നല്ലളം പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നഗരത്തിലെ പ്രമുഖ ഹോട്ടലിലെത്തിയ പ്രതികള്‍ അവിടെ എയർപിസ്റ്റൽ മറന്നു വച്ച് പോവുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ടതോടെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. അന്വേഷണത്തില്‍ ഈ മുറിയില്‍ താമസിച്ചവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. എയർപിസ്റ്റൽ സംബന്ധിച്ച് കസബ പോലീസാണ് അന്വേഷണം നടത്തിയത്.
നഗരത്തിൽനിന്ന് മൂവായിരം രൂപയ്ക്ക് എയർപിസ്റ്റൽ വാങ്ങിയതിന്റെ ബിൽ ഹോട്ടലിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നേരത്തെ പിടിച്ചു പറി കേസില്പെട്ടവരാണെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്ന് നല്ലളം പോലീസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണവും പണവും കവര്‍ന്നത് ഇവരാണെന്ന് തിരിച്ചറിയുകയും നല്ലളം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികള്‍ പരപ്പനങ്ങാടിയിലും ചെട്ടിപ്പടിയിലും കമ്മത്ത് ലൈനിലെ ജ്വല്ലറികളിലും സ്വര്‍ണം വിറ്റുവെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
അതേസമയം വിറ്റ സ്വര്‍ണം പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വീണ്ടും പ്രതികളുമായി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. 13 ന് രാത്രി ഒന്‍പതിനാണ് സുന്ദരം ജ്വല്ലറി ഉടമ സോമസുന്ദരത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്നത്.
ജ്വല്ലറി അടച്ച ശേഷം പച്ചക്കറി വാങ്ങാന്‍ വ്യാപാര ഭവനു സമീപത്തെ കടയിലേക്ക് കയറിയപ്പോഴായിരുന്നു സ്കൂട്ടറില്‍ സൂക്ഷിച്ച ബാഗ് കവര്‍ന്നത്. നല്ലളം ഇന്‍സ്പക്ടര്‍ എം.കെ.സുരേഷ് കുമാറിന്റെയും കസബ സിഐ ഹരിപ്രസാദിന്റെയും നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
നല്ലളം എസ്ഐമാരായ എം.കെ.സലീം, ഷാനവാസ്, വി.ടി.പ്രദീപന്, എഎസ്ഐ ലാലു, ഷൈജു, ഷഹസിം, ശരത്, അനില്‍കുമാര്‍ , രഞ്ജിത്ത്, കസബ എസ്ഐ വി.സിജിത്ത്, സ്ക്വാഡ് അംഗങ്ങളായ മനോജ്, രമേഷ്ബാബു, ഷാഫി, സുജിത്ത്, അബ്ദുറഹ്മാന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.