കോഴിക്കോട്: റോഡ് കടക്കാന്‍ യാത്രികരെ സഹായിക്കുന്നത് വാഹനപരിശോധനയാണെന്ന് തെറ്റിദ്ധരിച്ച ലഹരി കടത്തുകാരന് “തൊണ്ടി മുതല്‍’ ഉപേക്ഷിച്ച് മുങ്ങി. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി വില്‍പ്പന നടത്താനായി എത്തിച്ച കഞ്ചാവ് പൊതി നടുറോഡില്‍ ഉപേക്ഷിച്ചാണ് അജ്ഞാതന്‍ മുങ്ങിയത്. ഇന്നലെ രാവിലെ ചേവായൂര്‍ ജംഗ്ഷനിലാണ് സംഭവം.
ചേവായൂര്‍ ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ട്രോള് റൂം ഫ്ലൈയിംഗ് സ്ക്വാഡ് പോലീസുകാരെ കണ്ടാണ് അജ്ഞാതന്‍ കഞ്ചാവ് ഉപേക്ഷിച്ചത്. സീബ്രാലൈനില്‍ കയറി നിന്ന പോലീസുകാരന് വാഹനങ്ങള്‍ നിര്‍ത്താന്‍ കൈകൊണ്ട് കാണിച്ചിരുന്നു. ഇത് കണ്ട അജ്ഞാതന്‍ കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്ന വിവരം പോലീസ് അറിഞ്ഞെന്ന് തെറ്റിദ്ധരിച്ചാണ് കഞ്ചാവ് ഉപേക്ഷിച്ചത്.
പോലീസ് നില്‍ക്കുന്നിടത്ത് നിന്ന് മീറ്ററുകള്‍ മാറിയാണ് കഞ്ചാവ് പൊതി റോഡിലുപേക്ഷിച്ച് ബൈക്ക് യാത്രികന് കടന്നുകളഞ്ഞത്. ബൈക്കില്‍നിന്ന് ഒരു പൊതി റോഡില്‍ വീഴുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തുകയും പൊതിയെടുത്ത് റോഡരികിലെത്തി പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കഞ്ചാവാണെന്ന് ബോധ്യമായത് .
“തൊണ്ടിമുതല്‍’ പൊല്ലാപ്പാകുമെന്ന് കരുതിയവര്‍ സമീപത്തു തന്നെയുണ്ടായിരുന്ന ഫ്ലൈയിംഗ് സ്ക്വാഡ് വാഹനത്തിലെ പോലീസുകാരുടെ അടുത്ത് പൊതിയുമായി എത്തി. പൊതി കണ്ട പോലീസിനും കാര്യം കഞ്ചാവാണെന്ന് ബോധ്യപ്പെട്ടതോടെ കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയും മെഡിക്കല്‍കോളജ് പോലീസിന് കൈമാറുകയും ചെയ്തു.
കഞ്ചാവ് ആരാണ് കൊണ്ടുവന്നതെന്നും ബൈക്ക് നമ്പര്‍ എത്രയാണെന്നതും അവ്യക്തമായതിനാല്‍ മെഡിക്കല്‍കോളജ് പോലീസിനും കഞ്ചാവ് “കേസില്‍’ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കിലും വീണ് കിട്ടിയ “മുതല്‍ ‘ സുരക്ഷിതമാക്കുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടത് പോലീസിനെ കുഴപ്പിച്ചു. അതിനിടെയാണ് കഞ്ചാവ് കിട്ടിയ സ്ഥലം ചേവായൂര്‍ പോലീസ് പരിധിയാണെന്ന് മെഡിക്കല്‍കോളജ് പോലീസ് തിരിച്ചറിഞ്ഞത്. ഇതോടെ കഞ്ചാവ് ചേവായൂര്‍ പോലീസിന്റെ പരിധിയിലേക്ക് മാറ്റി.
ചേവായൂര്‍ പോലീസ് കഞ്ചാവ് ലഭിച്ചതുമായി ബന്ധപ്പെട്ട വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. 410 ഗ്രാം കഞ്ചാവാണ് കണ്ട്രോള് റൂം പോലീസിന് ലഭിച്ചത്. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കഞ്ചാവ് ഉപേക്ഷിച്ച അജ്ഞാതനെ കണ്ടെത്തുമെന്നാണ് പോലീസ് പറയുന്നത്.
ചേവായൂര്‍ സിഐ ശംഭുനാഥിന്റെ നിര്‍ദേശപ്രകാരം എസ്ഐ കെ. മജീദാണ് കഞ്ചാവ് കസ്റ്റഡിയിലെത്ത് നടപടികള്‍ സ്വീകരിച്ചത്. ഫ്ലൈയിംഗ് സ്ക്വാഡില്‍ ഉമേഷ് വള്ളിക്കുന്ന്, എം.വി.ബിജീഷ്, എന്‍.കെ.മുഹമ്മദ് സക്കരിയ എന്നിവരാണുണ്ടായിരുന്നത്.