പനമരം: പനമരം പ്രദേശത്തെ മുൾമുനയിൽ നിർത്തി കാട്ടുകൊന്പൻമാർ. ഇന്നലെ പുലർച്ചെ 6.30 ന് നടവയൽ-നെല്ലിയന്പം-പനമരം റൂട്ടിൽ മാത്തൂർ വയൽ ഇഷ്ടികകളത്തിനു സമീപമുള്ള ഏക്കർ കണക്കിന് കിടക്കുന്ന മുളങ്കൂട്ടങ്ങൾക്കിടയിലാണ് മൂന്ന് കാട്ടാനകളെ വഴിയാത്രക്കാർ കണ്ടത്.
വിവരമറിഞ്ഞതോടെ ആനകളെ കാണാൻ നാട്ടുകാർ തടിച്ച് കൂടി. ഇതേതുടർന്ന് ആനകൾ ഇഷ്ടികകളത്തിന് സമീപത്തുകൂടി ഒഴുകുന്ന ചെറിയ പുഴക്കരയിലെ തുരുത്തിലേക്ക് നീങ്ങി. തുടർന്ന് നെയ്ക്കുപ്പ, വെള്ളമുണ്ട സെക്ഷനിൽ നിന്ന് വനപാലകരും പനമരം പോലീസും സ്ഥലത്ത് എത്തി ആനകളെ വനത്തിലേക്ക് തുരത്താൻ നടപടിആരംഭിച്ചു.
രാവിലെ ഗതാഗതം തടഞ്ഞ് ആനകളെ റോഡിന് അപ്പുറത്തേക്ക് കടത്താൻ ശ്രമിച്ചെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. തുടർന്ന് 11 ഓടെ മാത്തൂർവയൽ റോഡ് മുറിച്ചുകടന്ന ആനകൾ താഴെ നെല്ലിയന്പത്തെ കൃഷിയിടത്തിൽ എത്തി. പുറകെ എത്തിയ വനപാലകരും വാച്ചർമാരും തോട്ടത്തിൽ തെരച്ചിൽ നടത്തുന്നതിനിടയിലാണ് വേറെ മൂന്ന് കൊന്പൻമാരേ കൂടി കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ മുഴുവൻ പരിഭ്രാന്തിയിലായി.
തോട്ടത്തിലൂടെ തലങ്ങും വിലങ്ങും പഞ്ഞോടിയ കാട്ടു കൊന്പൻമാരെ തുരത്താൻ വനം വകുപ്പ് അധികൃതർ അക്ഷീണം യത്നിക്കേണ്ടി വന്നു. തുടർന്ന് ആനകൾ പുഞ്ചവയൽ ക്ഷേത്രത്തിന് സമീപമുള്ള തോട്ടത്തിൽ തന്പടിച്ചു. നടവയൽ-പുഞ്ചവയൽ റോഡ് മുറിച്ച് കടത്താൻ ഗതാഗതം തടഞ്ഞതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
നാല് ആനകൾ മണൽവയൽ വഴി അമ്മാനി വനത്തിൽ പ്രവേശിച്ചെങ്കിലും ബാക്കി രണ്ടെണ്ണം മണൽവയൽ തോട്ടത്തിലൂടെ നീർവാരം പാലത്തിന് സമീപത്തേക്ക് നീങ്ങി. ഉച്ചയ്ക്ക് ശേഷം 2.30 ഓടെ ആനകൾ കാട്ടിലേക്ക് കയറിയതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. കഴിഞ്ഞ ദിവസം പുഞ്ചവയൽ പരിയാരത്തെ കൃഷിയിടത്തിൽ കാട്ടു കൊന്പൻ ഷോക്കേറ്റ് ചരിഞ്ഞിരുന്നു.
ഇതിന് ശേഷം മേഖലയിൽ കാട്ടാനകൾ വനത്തിലേക്ക് പോകാതെ പകൽ മുഴുവൻ കൃഷിയിടങ്ങളിൽ തന്പടിക്കുകയാണ്. വനത്തിനോട് ചേർന്നുള്ള പ്രദേശമായതിനാൽ ഇവിടെ കാട്ടാന നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു.
പലരുടെയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഫെൻസിംഗ്, ട്രഞ്ച് തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ഉണ്ടെങ്കിലും ഫലപ്രദമല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇനിയും എത് നിമിഷവും കാട്ടാനകൾ തിരികെയെത്തുമെന്ന ഭീതിയിലാണ് ജനങ്ങൾ.