സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം മാറി സംസ്കരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നല്കി.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ അനാസ്ഥ ഉണ്ടായില്ലെന്നും ആംബുലന്‍സ് മാറിയതാണ് കാരണമെന്നും വിശദീകരണത്തില്‍ പറയുന്നു.
കുന്നമംഗലം പാണരുകണ്ടിയില്‍ സുന്ദരന്റെ (62) മൃതദേഹത്തിനുപകരമാണ് ബന്ധുക്കള്‍ക്ക് കക്കോടി മോരിക്കര സ്വദേശി കൗസല്യയുടെ(76) മൃതദേഹം ലഭിച്ചത്.
മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. കോവിഡ് പോസിറ്റീവായ മൂന്ന് മൃതദേഹങ്ങളാണ് ഉച്ചയ്ക്ക് 12-നും ഒന്നിനും ഇടയില്‍ വിട്ടുനല്‍കിയത്.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയായിരുന്നു ഇത്. ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും കോവിഡ് പോസീറ്റീവായി മരിച്ച കക്കോടി സ്വദേശിയുടെ മൃതദേഹത്തിനായി വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ കാത്തുനില്ക്കുകയായിരുന്നു.
ഇവര്‍ മെഡിക്കല്‍ കോളജില്‍ എത്തി അന്വേഷിച്ചപ്പോഴാണ് ആശുപത്രി അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ അ ബ ദ്ധം പറ്റിയ വിവരമറിയുന്നത്. അപ്പോഴേക്കും കൗസുവിന്റെ മൃതദേഹം കുന്നമംഗലം കളരിക്കണ്ടി ശ്മശാനത്തില്‍ സംസ്കരിച്ചിരുന്നു.
ഇന്നലെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജില്‍ എത്തി സുന്ദരന്റെ മൃതദേഹം തിരിച്ചറിഞ്ഞു. രാവിലെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. രണ്ട് കുടുംബങ്ങളെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതായും ഫോറന്‍സിക് മേധാവി ഡോ. പ്രസന്നന് അറിയിച്ചു.