കോഴിക്കോട്: ആശുപത്രി വികസനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍. മലബാറിലെ ഏറ്റവും വലിയ ഈ ആശുപത്രിയില്‍ ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. നിപ്പ ബാധയേയും പ്രകൃതി ദുരന്തത്തേയുമെല്ലാം അതിജീവിക്കുന്നതില്‍ മാതൃകയായി നിന്ന ഈ ആശുപത്രിയില്‍ പക്ഷെ രോഗികള്‍ക്ക് ഇന്നും ദുരിതംതന്നെ.
വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറം ലഭ്യമാകുമെന്നതിനാല്‍ മലബാറിലെ എല്ലാ ജില്ലകളില്‍ നിന്നും അത്യാസന്ന നിലയിലുള്ളവരുള്പ്പെടെ രോഗികളെ ചികിത്സയ്ക്കായി രാപ്പകല്‍ ഭേദമന്യേയാണ് ഇവിടേക്കെത്തിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍പോലും അത്യാസന്ന നിലയിലുള്ള രോഗികളെ ഇവിടേയ്ക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്.
ഒപി. വിഭാഗത്തിലും ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്നതിലും ഏറെയാണ് രോഗികള്‍ എത്തുന്നത്. ഒ പി കളിലെത്തുന്ന അവശരായ രോഗികള്‍ക്ക് മിക്കപ്പോഴും ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇവിടെ. ആവശ്യത്തിന് ഇരിപ്പിടങ്ങള്‍ ഇല്ലാത്തതാണ് ഇവര്‍ക്ക് ദുരിതമാകുന്നത്.
അത്യാഹിത വിഭാഗത്തിലും ഇതുതന്നെയാണ് അവസ്ഥ. അത്യാസന്ന നിലയിലെത്തുന്ന രോഗികളെ കിടത്തുന്നതിന് ആവശ്യമായ സ്ഥലത്തിന്റെ അപര്യാപ്തത ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുകയാണ്. രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധം പലപ്പോഴും നേരിടേണ്ടി വരുന്നത് ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവരില്‍ ഏറ്റവും ദുരിതമനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളുടേയും കുട്ടികളുടേയും വിഭാഗത്തിലെത്തുന്നവര്ക്കാണ്. ഇവിടെ പ്രസവത്തിനും മറ്റ് ചികിത്സകള്‍ക്കുമായി ദിനംപ്രതി നൂറുകണക്കിനുപേരാണ് എത്തുന്നത്. പ്രസവത്തിനു മുമ്പും പ്രസവത്തിന് ശേഷവും രണ്ടുപേരെവീതം ഒരു ബെഡ്ഡില്‍ കിടത്തേണ്ട അവസ്ഥയാണ് ആശുപത്രി അധികൃതര്‍ക്ക്. ഇതിനും പുറമെ നിലത്തും വരാന്തയിലുമെല്ലാം നവജാത ശിശുക്കളുമായി കിടക്കേണ്ടിവരുന്ന സ്ത്രീകളും കുറവല്ല.
കൂട്ടിരിപ്പുകാരുടെ സ്ഥിതി ഇതിലും ഏറെ ദയനീയമാണ്. രാവിലേയും വൈകീട്ടുമുള്ള പ്രവേശന സമയം കഴിഞ്ഞാല്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് പുറത്ത് കഴിയേണ്ട അവസ്ഥയാണ്. പുറത്ത് ഇരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ സമീപത്തെ മരച്ചുവട്ടിലും മറ്റുമായാണ് അധികംപേരും ഇരിക്കുന്നത്. മഴയുംവെയിലും കൊണ്ടാണ് ഇങ്ങനെ ഇരിക്കേണ്ടിവരുന്നത്.
ഗൈനക്കോളജി വിഭാഗത്തിന്റെ മുമ്പില്‍ ചെറിയ സ്ഥലത്തുമാത്രമാണ് മേല്‍ക്കൂര സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല ഈ വിഭാഗത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് കടന്നുവരാന്‍ പോലും ഏറെ പ്രയാസം നേരിടുകയാണ്.
ഗ്രൗണ്ടിലേക്കുള്ള വഴിയിലെ ഗേറ്റിന് സമീപത്തു നടക്കുന്ന കച്ചവടവും ഇരുപുറവും വാഹങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ നല്കുന്ന അനുമതിയും ദുരിതമാകുന്നതായി പരാതിയുണ്ട്. പണം നല്കി പാര്‍ക്കു ചെയ്യാന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അത്യാഹിത വിഭാഗത്തിനടുത്തുവരെ അനുമതി നല്‍കുന്നതായും ആക്ഷേപമുയരുന്നുണ്ട്. ഇവയ്ക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.
ഗര്‍ഭിണികളുമായി വരുന്ന വാഹനങ്ങള്‍ക്ക് ഓടകള്‍ക്കുമുകളിലെ സ്ലാബുകളും ഗ്രൗണ്ടിലെ കുഴികളും കടന്നു വേണം അത്യാഹിത വിഭാഗത്തിലേക്കെത്താന് . ആശുപത്രിക്കുമുമ്പില്‍ ഓടകള്‍ തകര്‍ന്ന് കിടക്കുന്നതും നിത്യകാഴ്ചയാണ്. ആശുപത്രി മുറ്റം ടൈല്‍പാകി വൃത്തിയാക്കിയാല്‍ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്നിരിക്കെ അധികൃതര്‍ ആവശ്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് പരാതി.