കോഴിക്കോട്: എലത്തൂര്‍ പോലീസ് പരിധിയിലെ 15 കവര്‍ച്ചാ – മോഷണകേസുകളില്‍ ഉത്തരം തേടി പോലീസ്. എരഞ്ഞിക്കലിലെ മോഷണപരമ്പരയുമായി ബന്ധപ്പെട്ട് അന്നശേരി വിജയലക്ഷ്മി സ്കൂളിന് സമീപം കൊല്ലോത്ത്കണ്ടിത്താഴം സി.കെ.ഷൈജുവിനെ പിടികൂടിയതിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ എത്തിയത്. ഈ പരാതികളുമായി ഷൈജുവിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് എലത്തൂര്‍ എസ്ഐ വി.ജയപ്രസാദ് പറഞ്ഞു.
റിമാന്‍ഡിലായിരുന്ന പ്രതിയെ പോലീസ് അഞ്ചു ദിവസത്തേക്ക് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇന്നോ നാളയോ ആയി എരഞ്ഞിക്കലിലെ മോഷണം നടന്ന വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടാതെ 15 ഓളം പരാതികളുമായി ബന്ധപ്പെട്ട് ഷൈജുവിനെ വിശദമായി ചോദ്യം ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനുമാണ് പോലീസ് തീരുമാനിച്ചത്.
നിലവില്‍ എലത്തൂര്‍ സ്റ്റേഷന് പരിധിയില്‍ ആറും കൊയിലാണ്ടിയില്‍ മൂന്ന്, കാക്കൂരില്‍ നാല്, ഫറോക്കില്‍ ഒന്ന്, ബാലുശേരി മൂന്ന്, മെഡിക്കല്‍കോളജ് ഒന്ന് എന്നിങ്ങനെ ഷൈജുവിനെതിരേ കേസുകളുണ്ട്. ഒരു വര്‍ഷത്തിനിടെ മാത്രം 25 പവന് സ്വര്‍ണാഭരണങ്ങളാണ് ഷൈജു മോഷ്ടിച്ചത്.
എരഞ്ഞിക്കലില്‍ മോഷണപരമ്പരയ്ക്കിടെയാണ് അമ്പലപ്പടി വളുവില്‍ പ്രഭാകരന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് 20 പവന് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഷൈജുവിനെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച പകലാണ് മോഷണം. വൈകിട്ടോടെ തന്നെ പ്രതിയെ നോര്‍ത്ത് അസി.കമ്മീഷണര്‍ കെ.അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് പിടികൂടിയിരുന്നു. തൊട്ടടുത്ത സിസിടിവിയില്‍ കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതോടെ പ്രതിയെ കണ്ടെത്താന്‍ പോലീസിന് എളുപ്പമായി.
അതേസമയം ക്ഷേത്രത്തിലും വീട്ടിലും മോഷണം നടന്നതിന് തൊട്ടുപിന്നാലെ മൊകവൂര്‍ റോഡിന് സമീപം നിര്‍മാണത്തിലുള്ള വീടിന്റെ സണ്‍ഷേഡില്‍ കണ്ട തിരുവനന്തപുരം സ്വദേശി സുനില്ഗുപ്തയെ തിരുവനന്തപുരം പോലീസ് പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇയാളേയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എലത്തൂര്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.