കോഴിക്കോട്: കാലവര്‍ഷം ഏറെ നാശം വരുത്തിയ കോഴിക്കോട് ജില്ലയില്‍ അതീവജാഗ്രത തുടരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തിപ്രാപിക്കാനുള്ള സാധ്യതമുന്‍നിര്‍ത്തിയാണ് റെഡ് അലര്‍ട്ട് തുടരുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ തീവ്രത അല്പം കുറഞ്ഞാലും തുടര്‍ച്ചയായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
വൈകുന്നേരങ്ങളില്‍ മലയോരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. 13 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ 13 മുതല്‍ 16 വരെ മഴ വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.
ഇന്നലെ മാത്രം വിലങ്ങാട് ഉരുള്പൊട്ടലുള്പ്പെടെയുള്ള കാലവര്‍ഷകെടുതിയില്‍ ഒന്‍പത് പേരാണ് മരിച്ചത്. രണ്ടു ദിവസമായുള്ള കനത്ത മഴയെ തുടര്‍ന്ന് പത്തു വീടുകള്‍ പൂര്‍ണമായും 369 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ .
കോഴിക്കോട് താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 86 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വടകരയില്‍ നാല് വീടുകള്‍ പൂര്‍ണമായും 105 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊയിലാണ്ടിയില്‍ ഒരു വീട് പൂര്‍ണമായും 103 വീടുകള്‍ ഭാഗികമായും തകര്‍ന്നു. താമരശ്ശേരിയില്‍ മൂന്നു വീടുകള്‍ പൂര്‍ണമായും 75 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇന്ന് രാവിലെ കോഴിക്കോട് നഗരത്തില്‍ മഴയ്ക്ക് നേരിയ കുറവുണ്ടെങ്കിലും മലയോരമേഖലയില്‍ ഭീതിജനകമായ വിധം ശക്തമായ മഴയാണ്. മഴ ശക്തമാണെങ്കിലും ജില്ലയില്‍ രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്.
പുഴ കരകവിഞ്ഞൊഴുകി വെള്ളക്കെട്ട് ഉണ്ടാകുന്ന പലസ്ഥലങ്ങളിലും കേന്ദ്ര സേന, ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട് . നേവിയുടെ സംഘാവും ജില്ലയിലെത്തി. കോഴിക്കോട് താലൂക്കില്‍ 10 അംഗ നേവി സംഘവും 23 അംഗം എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നു. കൊയിലാണ്ടിയില്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സും വടകരയില്‍ ബിഎസ്എഫും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിവരികയാണ്.
അതേസമയം മലയോരമേഖല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. പൂനൂര്‍പുഴയും ഇരവഞ്ഞിയും ചാലിയാറും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. ഉരുള്‍പൊട്ടല്‍ ഭീതിയും വെള്ളക്കെട്ടും മലയോരമേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. താമരശേരി, തിരുവമ്പാടി, കൊടുവള്ളി, മേഖലകളിലേക്കുള്ള ഗതാഗതവും താറുമാറായിരിക്കുകയാണ്. റോഡുകളിലെല്ലാം വെള്ളം കയറിയതിനാല്‍ കോഴിക്കോട് നഗരത്തില്‍ നിന്നും ഈ മേഖലകളിലേക്ക് എത്തിപ്പാടാനുള്ള വഴികളും ഇല്ലാതായി. ചാലിയാറും ഇരവഞ്ഞിയും നിറഞ്ഞൊഴുകുന്നതിനാല്‍ പരിസരപ്രദേശത്തുള്ള ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ ആറുമണി വരെ 213 ക്യാമ്പുകളാണ് തുറന്നുപ്രവര്‍ത്തിച്ചത്. വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിലായി 7108 കുടുംബങ്ങളില്‍ നിന്നുള്ള 24458 പേരെയാണ് മാറ്റി താമസിപ്പിച്ചത്.
ഈ ഭാഗങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസും നിര്‍ത്തിവച്ചിരിക്കുകയാണ്. താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു. വലിയ വാഹനങ്ങള്‍ക്ക് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും ഇന്നലെ രാവിലെ മുതല്‍ തന്നെ നിരോധിച്ചിരുന്നു. മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതോടെ ചെറിയവാഹനങ്ങള്ക്കും ചുരം വഴി പോവാന്‍ സാധിച്ചില്ല. ഒന്‍പതാം വളവില്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞ മണ്ണ് പൂര്‍ണമായും നീക്കം ചെയ്തിട്ടില്ല.
ഡാമുകള്‍ തുറന്നതും കനത്ത മഴ തുടരുന്നതും വെള്ളത്തിന്റെ അളവ് കൂടാന്‍ കാരണമാകുന്നതിനാല്‍ ജനങ്ങള്‍ സഹായം എത്തിക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കണ്ട്രോള് റൂം പ്രവര്‍ത്തിച്ച് വരികയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പര്‍. 8592910099. എ.ഡി.എം റോഷ്നി നാരായണനാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
കോഴിക്കോട് താലൂക്കിന്റെ ചുമതല ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ ടി. ജനില്‍ കുമാറിനും താമരശ്ശേരി താലൂക്കിന്റെ ചുമതല സബ് കലക്ടര്‍ വി.വിഘ്നേശ്വരിക്കും വടകര താലൂക്കിന്റെ ചുമതല വടകര ആര്‍ഡിഒ അബ്ദുറഹ്മാനും കൊയിലാണ്ടി താലൂക്കിന്റെ ചുമതല എല്‍.ആര്. ഡപ്യൂട്ടി കലക്ടര്‍ ആര് ബിജുവിനുമാണ്. എന്‍ഡിആര്‍എഫിന്റെ 23 അംഗങ്ങള്‍ ഉള്ള ഒരു ടീം ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആര്‍മിയുടെ 60 പേരും ബിഎസ്ഫിന്റെ 20 പേരും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ടീമും ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. എന്‍ഡിആര്‍എഫിന്റെ ഒരു ടീമിന്റെ സേവനം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.