തേഞ്ഞിപ്പലം: കാലിക്കട്ട്് സർവകലാശാല കാന്പസ് പഠന വിഭാഗത്തിലെ ഗവേഷണ മേധാവിയായ അധ്യാപകൻ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അന്വേഷിച്ച് ഗവേഷക. വിദ്യാർഥി പ്രശ്ന പരിഹാര സമിതി മുന്പാകെ പരാതി നൽകിയ ഗവേഷക വിശദാംശങ്ങൾ തേടി വാദം കേൾക്കലിനും ഹാജരായി. ആരോപണ വിധേയനായ അധ്യാപകനെതിരായ പരാതിയിൽ വിശദ ചർച്ചയ്ക്ക് വിഷയം സിൻഡിക്കറ്റിന്റെ പരിഗണനയ്ക്ക് വിട്ടു.
പരാതിയെ തുടർന്നു ഗവേഷകയ്ക്ക് മറ്റൊരു ഗൈഡിനെ സർവകലാശാല അനുവദിച്ചിരുന്നെങ്കിലും അധ്യാപകനെതിരെ ശിക്ഷാനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനി പ്രശ്ന പരിഹാര സമിതിയെ സമീപിക്കുകയായിരുന്നു. വടകര ചെറണ്ടത്തൂർ എംഎച്ച്ഇഎസ്, മണ്ണാർക്കാട് എംഇഎസ് കല്ലടി, പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിന്നു റാഗിംഗിന്റെ പേരിൽ പുറത്താക്കിയ വിദ്യാർഥികൾക്ക് മാനുഷിക പരിഗണന നൽകി മറ്റു കാന്പസുകളിൽ തുടർ പഠനത്തിനു അവസരം നൽകാൻ സമിതി നിർദേശിച്ചു.
വയനാട് ലക്കിടിയിലെ ഓറിയൻറൽ ഹോട്ടൽ മാനേജ്മെന്റ്് കോളജിൽ കോഴ്സ് നിർത്തലാക്കിയിട്ടും ഫീസ് തിരികെ നൽകുന്നില്ലെന്ന രണ്ടു വിദ്യാർഥികളുടെ പരാതി പരിശോധിച്ച സമിതി ഫീസ് തിരികെ നൽകാൻ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
സംഘർഷത്തെ തുടർന്നു കോളജിൽ നിന്നു പുറത്താക്കപ്പെട്ട വിദ്യാർഥികൾ പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദത്തിലായെങ്കിലും ഇവർ പഠിച്ചിരുന്ന തൃശൂർ പെരുവള്ളൂർ മദർ ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠനത്തിന് അവസരം നൽകാനുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ടായതിനാൽ പുന:പ്രവേശനത്തിനു സമിതി നിർദേശം നൽകി. സർവകലാശാല വിദ്യാർഥി പ്രശ്ന പരിഹാര സമിതി യോഗത്തിൽ സിൻഡിക്കറ്റംഗങ്ങളായ കെ.കെ ഹനീഫ, ഡോ. ഷം സാദ് ഹുസൈൻ, ഡോ. എൻ.വി അബ്ദുറഹ്മാൻ, ഡോ.വിജയരാഘവൻ എന്നിവർ പങ്കെടുത്തു.