കൂരാച്ചുണ്ട്: വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറപുഴയിൽ അപകടം പതിവാകുന്നു. ഇന്നലെ രണ്ടു പേർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് ദിവസങ്ങൾക്ക് മുൻപും ഒരാൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി ദിനംപ്രതി ആയിരത്തിലേറെ ആൾക്കാരാണ് സന്ദർശനം നടത്തുന്നത്.
എന്നാൽ അപകടങ്ങൾ പതിയിരിക്കുന്ന ഈ മേഖലയിൽ യാതൊരു സുരക്ഷാ ക്രമീകരണവും ഒരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് അപകടങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കുന്നുണ്ട്. ജലസേചനവകുപ്പിന്റെ പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കരിയാത്തുംപാറ പുഴയുടെ പാറക്കടവ് ഭാഗത്താണ് അപകടങ്ങൾ ഏറെയുമുണ്ടാകുന്നത്. ഡാമിലെ ജലവിതാനം ഉയർന്നതോടെ ഇവിടെ അപകട സാധ്യതയേറിയിട്ടുണ്ട്.
എന്നാൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടും ചുമതലപ്പെട്ട ജലസേചന വകുപ്പോ, ഗ്രാമപഞ്ചായത്തോ സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിക്കാൻ നടപടിയാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അപകടത്തിൽ പെട്ടുന്നവരെ മണിക്കൂറുകളോളം എടുത്താണ് ആശുപത്രിയിൽ എത്തിക്കുന്നത്. അടിയന്തരമായി ഈ മേഖലയിൽ ലൈഫ് ഗാർഡ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടത്താൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.