(കോഴിക്കോട്) : പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരിലും പരിസര പ്രദേശങ്ങളിലും കോഴികളെയും മറ്റു വളർത്തുപക്ഷികളേയും കത്തിക്കുന്ന നടപടികൾക്ക് തുടക്കമായി.
പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമിൽ ബാക്കിയുണ്ടായിരുന്ന 115 കോഴികളെയാണ് ആദ്യം കൊന്നത്. കൊടിയത്തൂർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലായി അയ്യായിരത്തോളം കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും കൊല്ലേണ്ടി വരുമെന്നാണ് വിവരം.
നിപാ കാലത്തെ ഓർമിപ്പിക്കും വിധമുള്ള സുരക്ഷാ ആവരണങ്ങൾ അണിഞ്ഞ മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ പരിശീലനം ലഭിച്ച സംഘമാണ് കോഴികളെ സ്ഥലത്തെത്തി നശിപ്പിച്ചത്.
കൊടിയത്തുർ ഗ്രാമപഞ്ചായത്തിൽ ഒരു വെറ്ററിനറി ഡോക്ടറുൾപ്പെടെ ആറ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ രണ്ടു പ്രതിനിധികളും ഗ്രാമ പഞ്ചായത്ത് പ്രതിനിധിയും അടക്കം ഒമ്പത് അംഗങ്ങളുള്ള ഏഴ് സ്ക്വാഡുകളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഈ സംഘം പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽപ്പെട്ട കൊടിയത്തൂർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെത്തി മുഴുവൻ വീടുകളിലെയും വളർത്തുപക്ഷികൾ ഉൾപ്പെടെയുള്ളവയെ പിടികൂടുകയായിരുന്നു.
തുടർന്ന് അവയെ കൊന്നശേഷം പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റി കൊടിയത്തൂർ കുറ്റിപ്പൊയിൽ വയലിലെത്തി വൈകിട്ട് സംസ്കരിക്കുകയായിരുന്നു.
കുഴിയിൽ വിറക് വച്ച ശേഷം അതിന് മുകളിലായി പക്ഷികളെ കൊണ്ടുവന്ന പ്ലാസ്റ്റിക് കവറുകൾ വെച്ച് ജനറേറ്ററിന്റെ സഹായത്തോടെ വൈദ്യുതി ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് കുഴികൾ മണ്ണിട്ട് മൂടി അണുനാശിനി ഒഴിച്ചു.
അതിനിടെ കുഴിച്ചുമൂടി കത്തിക്കുന്നതിനായി ആദ്യം കണ്ടെത്തിയ സ്ഥലം ജനവാസമേഖലയ്ക്ക് സമീപമാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് മാറ്റി.
വീണ്ടും കുറച്ചു മാറി കുഴിയെടുത്ത ശേഷമാണ് കത്തിച്ചത് . അതേ സമയം വളർത്തുപക്ഷികളെ പിടികൂടി സംസ്കരിച്ച നടപടി വേണ്ടത്ര ഫലപ്രദമായില്ലെന്നും ആക്ഷേപമുണ്ട്.
ഇന്നലെ രാവിലെ ഫാമിന് ഒരു കിലോമീറ്റർ പരിധിയിലെ മുഴുവൻ വളർത്തു പക്ഷികളെയും കത്തിച്ചു കളയുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ പല വീട്ടുകാരും വളർത്തുപക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.
ഇതിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അലങ്കാരപക്ഷികൾ വരെയുണ്ട്. ഇത്തരത്തിൽ മാറ്റിയ പക്ഷികൾക്ക് രോഗബാധയുള്ളതാണെങ്കിൽ പക്ഷിപ്പനി ഈ മേഖലയിലേക്കും പടരാൻ സാധ്യത ഏറെയാണ്.
പനിയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ ശ്രമം തുടങ്ങി. ദേശാടനപക്ഷികൾ വഴിയാണ് പക്ഷിപ്പനി പടർന്നതെന്നാണ് നിഗമനം.
ദേശാടനപക്ഷികളുടെ സഞ്ചാരകാലമാണിപ്പോൾ. പക്ഷിപ്പനി കണ്ടെത്തിയ വെസ്റ്റ് കൊടിയത്തൂരിന് സമീപത്തു കൂടിയാണ് ചാലിയാർ ഒഴുകുന്നത്.
വേങ്ങേരിയുടെ സമീപത്ത് കടലുണ്ടിപ്പുഴയും ഒഴുകുന്നുണ്ട്. ഇതാണ് ദേശാടന പക്ഷികളിലൂടെയാണ് പക്ഷിപ്പനി പടർന്നതെന്ന നിഗമനത്തിലെത്താൻ കാരണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ വ്യക്തമാക്കി.