പേരാമ്പ്ര: പിഞ്ചുകുട്ടികളുടെ ജീവനും ആരോഗ്യത്തിനും വില കൽപ്പിക്കാതെ പെരുവണ്ണാമൂഴി വനം വകുപ്പ്. തുരുമ്പെടുത്ത് പൊട്ടിക്കീറിയ കളിക്കോപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന വാക്കു പാലിക്കാതെ അപകടം ക്ഷണിച്ചു വരുത്തു കയാണവർ. പെരുവണ്ണാമൂഴി വനം വന്യ ജീവി പരിപാലന കേന്ദ്രത്തിലെ കുട്ടികളുടെ പാർക്കിലാണ് കാലഹരണപ്പെട്ട കളിക്കോപ്പുകൾ അപകട ഭീഷണി ഉയർത്തുന്നത്.
കയറി ഊർന്നിറങ്ങുന്ന കളിക്കോപ്പിന്റെ തുരുമ്പെടുത്ത പൊട്ടിക്കീറിയ കമ്പിയിൽ പിടിച്ച ഒരു പിഞ്ചു കുഞ്ഞിന്റെ കൈപ്പത്തിക്കു മാരക മുറിവേറ്റ സംഭവം മുമ്പുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ കളിക്കോപ്പുകൾ മാറ്റി സ്ഥാപിക്കുമെന്നു വീമ്പിളക്കി കളിക്കോപ്പുകൾ ഉപയോഗിക്കുന്നതു അധികൃതർ വിലക്കിയിരുന്നു. എന്നാൽ തീരുമാനത്തിനു ദിവസങ്ങൾ മാത്രമായിരുന്നു ആയുസ്.
പൊട്ടിയ കമ്പി മാറ്റി സ്ഥാപിച്ച് അപകടം വരുത്തിയ കളിക്കോപ്പടക്കം വീണ്ടും തുറന്നു കൊടുത്തു. അതേ കളിക്കോപ്പിന്റെ ഇരുന്നു ഊർന്നിറങ്ങുന്ന അടിഭാഗം പൊട്ടി ദ്വാരം വീണ നിലയിലാണിപ്പോൾ. ഊർന്നിറങ്ങുന്ന കുട്ടികൾക്കു മാരക മുറിവേൽക്കാൻ സാധ്യത കൂടുതലാണ്.