കോഴിക്കോട്: കാലവര്‍ഷത്തിന് രണ്ടു ദിവസമായി അല്പം ശമനമായെങ്കിലും ജില്ലയില്‍ ഇന്ന് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
നിലവിലെ സാഹചര്യത്തില്‍ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടല്‍ ഭീതിയിലും അഞ്ചുദിവസമായി കഴിഞ്ഞിരുന്ന മലയോര മേഖലയിലുള്ളവര്‍ ഇക്കഴിഞ്ഞ ദിവസം മഴയ്ക്ക് ശമനമായതോടെയാണ് വീടുകളിലേക്ക് തിരിച്ചെത്തിയത്.
എന്നാല്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പു ലഭിച്ചതോടെ ഇവര്‍ വീണ്ടും ആശങ്കയിലായി. മലയോരത്തിന് പുറമേ ദുരിതമേറെ അനുഭവിക്കേണ്ടി വന്ന നഗരവാസികളും റെഡ് അലര്‍ട്ട് ഭീതിയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലായി കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് 70 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 946 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ 36 വീടുകള്‍ പൂര്‍ണ്ണമായും 267 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കൊയിലാണ്ടി താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും 123 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വടകരയില്‍ 25 വീടുകള്‍ പൂര്‍ണമായും 465 വീടുകള്‍ ഭാഗികമായും തകര്‍ന്നു. താമരശ്ശേരി താലൂക്കില്‍ ഏഴു വീടുകള്‍ പൂര്‍ണമായും 91 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോടികളുടെ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ പ്രാഥമിക കണക്കുകളനുസരിച്ച് 1666 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടെന്നാണ് കണക്ക്. 280.24 ഹെക്ടറിലാണ് കൃഷിനാശമുണ്ടായതെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പറഞ്ഞു.
3024 കര്‍ഷകരെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. 99.98 ഹെക്ടര്‍ നെല്‍കൃഷിയും 8.90 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറികളും കൃഷിനാശത്തില്‍ പെടുന്നു. 7.80 ഹെക്ടര്‍ പ്രദേശത്ത് കപ്പ, 36.46 ഹെക്ടര്‍ പ്രദേശത്ത് തെങ്ങ്, 72.28 ഹെക്ടറില്‍ വാഴക്കൃഷിയും നശിച്ചു. 10.5 ഹെക്ടര്‍ പ്രദേശത്ത് ഇഞ്ചിക്കൃഷി, 14 ഹെക്ടറില്‍ റബ്ബര്‍ എന്നിവയും നശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ .