നാദാപുരം: സ്ഫോടന കേസില്‍ വിദേശത്ത് നിന്നെത്തി കോടതിയില്‍ ഹാജരായി പ്രതി റിമാൻഡിലായപ്പോള്‍ പുലിവാല് പിടിച്ച് പോലീസും ജയില്‍ അധികൃതരും. നാദാപുരം സ്റ്റേഷന് പരിധിയിലാണ് സംഭവം.
സ്ഫോടനകേസില്‍ വിദേശത്ത് നിന്നെത്തി മുങ്ങിനടക്കുകയായിരുന്ന പ്രതിയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്. മജിസ്ട്രേറ്റ് ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ പ്രതിയെ വടകര സബ്ജയിലേക്ക് കൊണ്ട് വരികയും അവിടെ ഏല്‍പ്പിച്ച് മടങ്ങുകയും ചെയ്തു.
രാത്രി വൈകിയാണ് പ്രതി ജയിലധികൃതരോട് താന്‍ കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്നെത്തിയതെന്ന് വെളിപ്പെടുത്തിയത്. ഇതോടെ ജയിലധികൃര്‍ ഭീതിയിലായി. സബ്ജയില്‍ കൊണ്ട് വന്ന് ഏല്‍പ്പിച്ച പ്രതിയെ ഉടന്‍ തന്നെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ജയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിയും വന്നു.
അപ്പോഴേക്കും പ്രതികളെ എത്തിച്ച പോലീസുകാര്‍ ജോലി സമയം കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നു. ഇതിനിടെ പോലീസ് ജില്ലാ കളക്ടറുമായും ബന്ധപ്പെട്ടു.
തുടര്‍ന്ന് കളക്ടര്‍ തലശേരിയില്‍ നിന്ന് ആംബുലന്‍സ് സബ് ജയിലില്‍ വരുത്തി. പോലീസ് സ്റ്റേഷനില്‍ നിന്ന് എഎസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി.
ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.