കോഴിക്കോട് : ലോക്ഡൗണിന്റെ മറവിൽ വനിതാ ഹോസ്റ്റലുകളിലും, ആശുപത്രികളിലും വീടുകളിലും അതിക്രമിച്ചുകയറി സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം കാണിക്കുന്ന മോഷ്ടാവിനെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചുപിടികൂടി.
കണ്ണൂർ കൊളവല്ലൂർ, പാറാട്ട് മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മലിനെയാണ്(26) ഇന്നു പുലർച്ചെ കസബ എസ്ഐ വി.സിജിത്തിന്റെ നേത്വത്തിൽ ഒന്നരമണിക്കൂറോളം ഓടിച്ചുപിടികൂടിയത്.
ഇയാൾ രണ്ടാഴ്ചയായി താമസിക്കുന്ന കോഴിക്കോട് ആനിഹാൾ റോഡിലെ അടച്ചിട്ട വീട്ടിൽനിന്ന് ആപ്പിൾ ഐഫോണടക്കം വിലകൂടിയ 24 മൊബൈൽ ഫോണുകൾ, രണ്ട് സ്വർണവള, സ്വർണമാല തുടങ്ങിയവ പോലിസ് കസ്റ്റഡിയിലെടുത്തു.
ചെറുപ്പം മുതലേ സ്ത്രീകൾക്കുനേരെ അതിക്രമം കാണിച്ചുതുടങ്ങിയ ഇയാൾക്കതിരെ കണ്ണൂരിലും കൊയിലാണ്ടി പോലീസ് സ്റ്റേഷനിലുമായി വധശ്രമം അടക്കം നിരവധി കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ വിവിധ വനിതാ ഹോസ്റ്റലുകളിലും, സ്വകാര്യ ആശുപത്രികളിലും നേഴ്സുമാർക്കുനേരെ ഇയാൾ ലൈംഗികാതിക്രമം കാണിച്ചുവരികയായിരുന്നു.
പൂർണ നഗ്നനായി പുലർച്ചെ ഹോസ്റ്റലുകളിലും വീടുകളിലും എത്തി അതിക്രമം കാണിക്കുന്നതിനിടെ കവർന്നതാണ് ഇയാളുടെ മുറിയിൽനിന്ന് കണ്ടെടുത്ത ഫോണുകളും മറ്റും.
മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇയാൾ സ്പൈഡർമാൻ കണക്കെയാണ് കെട്ടിടങ്ങൾക്കു മുകളിലൂടെ ഓടി രക്ഷപെട്ടിരുന്നത്, ഇന്നു രാവിലെ കല്ലായ് റോഡിലെ ഒരു വീട്ടിൽ പ്രതി എത്തിയതായി അറിഞ്ഞ് എസ്ഐ വി.സിജിത്, പോലീസുകാരായ അനൂജ്, അജേഷ് എന്നിവർ സ്ഥലത്തെത്തി. പോലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അതിസാഹസികമായി രക്ഷപെട്ടു.
പോലീസും നാട്ടുകാരും ഒന്നര മണിക്കൂറോളം അത്യധ്വാനം ചെയ്താണ് പ്രതിയെ പിന്തുടർന്ന് വളഞ്ഞ് പിടികൂടിയത്. ഒരു ഹോസ്റ്റലിൽ കയറി യുവതിയുടെ ചുണ്ട് കടിച്ചുപൊട്ടിച്ചശേഷം അവരുടെ പേഴ്സ് കവർന്നിരുന്നു.
സ്വന്തം അമ്മയുടെ നേരെ അതിക്രമം കാണിച്ചതിനെതുടർന്ന് വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട ഇയാൾ ചുറ്റിനടന്ന് സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം കാണിച്ചുവരികയായിരുന്നു.
നാട്ടിൽ നിൽക്കക്കള്ളിയില്ലാതാതോടെ ഇയാളെ ബന്ധുക്കൾ ദുബൈയിലേക്ക് അയച്ചു. അവടെ സമാന കുറ്റത്തിന് പിടിയിലായി. വൻതുക കോടതിയിൽ കെട്ടിവച്ചാണ് ദുബൈ ജയിലിൽനിന്ന് മോചിതനായത്.
പിന്നീട് കൊയിലാണ്ടിയിൽ വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു. ഈ കേസിൽ വധശ്രമത്തിന് കേസെടുത്ത് ഇയാളെ ജയിലിലാക്കി. കോവിഡ് 19 മുന്നൊരുക്കത്തിന്റെ ഭാഗമായി മാർച്ച് 24ന് കണ്ണൂരിൽനിന്ന് ജയിൽമോചിതനായി. പിറ്റേന്ന് കോഴിക്കോട്ടെത്തിയ ഇയാൾ അനിഹാൾ റോഡിലെ അടച്ചിട്ട പഴയവീടിന്റെ പിൻവാതിൽ കുത്തിതുറന്ന് ഉള്ളിൽ താമസിച്ചു വരികയായിരുന്നു. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.