നിലന്പൂർ: ദുരന്തമുഖങ്ങളിൽ ഇനി അഗ്നിരക്ഷാ സേനയോടൊപ്പം അവരുമുണ്ടാകും. പരിശീലനം സിദ്ധിച്ച കേരള സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സേവനം.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് നിലന്പൂർ ഫയർ സ്റ്റേഷൻതല പരിശീലനം പൂർത്തിയായി. രണ്ടുഘട്ടങ്ങളിലായി ആറു ദിവസത്തെ ദുരന്തനിവാരണ പരിശീലനമാണ് സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്കു നൽകിയത്.
തീപിടിത്തം, കിണർ അപകടങ്ങൾ, ഗ്യാസ് ചോർച്ച, ഫസ്റ്റ് എയ്ഡ്, ജലരക്ഷ, റെസ്ക്യൂ ടെക്നിക്കുകൾ, പ്രളയ രക്ഷാപ്രവർത്തനം എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്.
പരിശീലനത്തിന്റെ അവസാന ദിവസമായ ഇന്നലെ ജലരക്ഷാ പ്രവർത്തങ്ങളാണ് പരിശീലിപ്പിച്ചത്. നിലന്പൂർ കോവിലകത്തുമുറി ചീനിക്കടവിലായിരുന്നു റബർ ഡിങ്കി ഉപയോഗിച്ചുള്ള പരിശീലനം.
രണ്ടു ഘട്ടങ്ങളായുള്ള പരിശീലനം പൂർത്തീകരിച്ച സിവിൽ ഡിഫൻസ് വോളണ്ടിയർമാർ വിവിധ ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തിനെത്തും.
ഫയർ സ്റ്റേഷൻ പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും വോളണ്ടിയർമാരുടെ സാന്നിധ്യം രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു ഉപകരിക്കും. 50 പേരാണ് ആദ്യബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്.
ഇവർക്ക് അടുത്തമാസം മലപ്പുറത്ത് ആറു ദിവസത്തെ ജില്ലാ പരിശീലനം നൽകും. സ്റ്റേഷൻതല പരിശീലനത്തിനു സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.പി അമീറുദീൻ, കെ. അഫ്സൽ, വി.പി. നിഷാദ് എന്നിവർ നേതൃത്വം നൽകി.