പേരാമ്പ്ര: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാവാത്ത കോവിഡ് പോസിറ്റീവായ അധ്യാപികയെ മലപ്പുറം ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ജിഎംയുപി സ്കൂള്‍ അധ്യാപികയും പേരാമ്പ്ര സ്വദേശിയുമായ പുന്നച്ചാലില്‍ ബീജയാണ് ശിക്ഷാ നടപടിക്ക് വിധേയയാത്.
ബീജയും ഭര്‍ത്താവും രണ്ട് കുട്ടികളും സഹോദരനും മാര്‍ച്ച് 22 മുതല്‍ കോവിഡ് ബാധിതരായിരുന്നു.
ഈക്കാരണത്താൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിതരണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വേങ്ങര നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയും ഫോണ്‍ മുഖാന്തിരവും കോവിഡ് പോസറ്റീവ് റിസൾട്ട് സഹിതം അപേക്ഷ നല്‍കിയിരുന്നതായി ബീജ പറഞ്ഞു.
എന്നാല്‍ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ ഒന്‍പതിന് കളക്ടറുമായും റിട്ടേണിംഗ് ഓഫീസറുമായി സംസാരിച്ചപ്പോള്‍ കോവിഡ് രോഗബാധ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കാന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.
പിന്നീട് ഏപ്രില്‍ 12ന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നെന്ന് അധ്യാപിക പറഞ്ഞു.