കിഴക്കമ്പലം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ ക്യാമ്പുകളിൽ താമസിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനിടെ പോലീസിന് ലഭിക്കുന്നത് “മുച്ഛേ കുച്ഛ് നഹി മാലും’ (എനിക്ക് ഒന്നും അറിയില്ല) എന്നുള്ള ഉത്തരം മാത്രം.
3000 ത്തോളം അതിഥിത്തൊഴിലാളികൾ കിഴക്കമ്പലത്തെ ക്യാമ്പിൽ തിങ്ങിപ്പാർക്കുന്നുണ്ട്. സംഭവ സമയത്ത് 500ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് സൂചന.
എന്നാൽ ഒരേ മുറികളിൽ താമസിക്കുന്നവർ പോലും സംഭവത്തിൽ പ്രതികളായിട്ടുള്ളവരെ അറിയുക പോലുമില്ല എന്ന തരത്തിലാണ് മറുപടി നൽകുന്നത്.
അക്രമത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിൽ എടുത്തവരെ കൊണ്ടുപോയിക്കഴിഞ്ഞപ്പോൾ ബാക്കിയുള്ളവർ ഭയാശങ്കയിലുമാണ്.
ഷീറ്റുമേഞ്ഞ് നിരനിരയായുള്ള മുറികൾ പല ബ്ലോക്കുകളായി തിരിച്ചിരിക്കുന്നതാണ് ലേബർ ക്യാമ്പ്. കിറ്റെക്സ് കമ്പനിയുടെ തൊട്ടരികിൽ തന്നെയാണിത്.
വലിയൊരു ഗേറ്റും സെക്യൂരിറ്റി ജീവനക്കാരും ക്യാമ്പിന് മാത്രമായുണ്ട്. ഇതിനു പുറമേ, തൊട്ടടുത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരുടെയും കണ്ണെത്തുന്ന സ്ഥലമാണിത്.
സ്പോട്ട്ലൈറ്റുകളും സിസിസിടിവി. കാമറകളും നിരീക്ഷണത്തിനായുണ്ട്. സംഭവത്തിൽ 156 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിലൂടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.