പയ്യന്നൂര്‍: വീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് കെ.കെ. രമ എംഎല്‍എ.
പൊതുഖജനാവിലെ കോടികള്‍ ചെലവിട്ടാണ് നിരവധി അകമ്പടി വാഹനങ്ങളുടെ സുരക്ഷയില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും രമ പറഞ്ഞു.
പയ്യന്നൂർ എം.എന്‍. വിജയന് സാംസ്കാരിക വേദി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച “വിയോജിക്കാനുള്ള സ്വാതന്ത്ര്യം’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്സലുകളെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. ഇവര്‍ എല്ലാ രീതിയിലും ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭയക്കുകയാണ്.
ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്. ജനകീയ സമരങ്ങളെ ഫാസ്റ്റിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ കേരളം ഭീകരവാദികളുടെ നാടാണോയെന്നും എംഎല്‍എ ചോദിച്ചു.
രക്തസാക്ഷി ഫണ്ടില്‍ പോലും കൈയ്യിട്ടുവാരുന്നതില് വിയോജിപ്പ് പ്രകടിപ്പിച്ച പയ്യന്നൂരിലെ സിപിഎം ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ പുറത്താക്കിയ അനുഭവം ഓരോ കമ്മ്യൂണിസ്റ്റുകാരനും ഒരു പാഠമാണ്.
പാര്‍ട്ടിയിലെ കൊള്ളരുതായ്മയും അഴിമതിയും എതിര്‍ത്ത ആള് പുറത്തും കൂട്ടുനിന്നവര്‍ അകത്തും എന്ന സ്ഥിതിയാണ് പയ്യന്നൂരിലുണ്ടായത്.
നിരവധിപേര്‍ ചോരയും നീരും കൊടുത്തു വളര്‍ത്തിക്കൊണ്ടുവന്ന ഒരു പാര്‍ട്ടി എങ്ങിനെ ഈ നിലയില്‍ ആയി എന്ന് നിങ്ങള്‍ പരിശോധിക്കണം.
കേരളം ഭരിക്കുന്നവരുടെ ഏറ്റവും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സ്വപ്ന മുന്നോട്ടുവെച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നുവെങ്കില് എന്തുകൊണ്ടാണ് അവര്‍ക്കെതിരെ ഒരു മാനനഷ്ടക്കേസുപോലും ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവാത്തത്.
അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കി ജനങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി. വിയോജിപ്പുകള്ക്കുകൂടി ഇടമുള്ള മണ്ണായി നമ്മുടെ നാട് മാറണം.
വി യോജിക്കുന്ന ശബ്ദത്തെ കൊന്നുതള്ളുന്നവര്ക്കുള്ള താക്കീതായാണ് ഇത്തരം വിയോജിപ്പിന്റെ ശബ്ദങ്ങള്‍ വീണ്ടും ഉയര്‍ന്നു വരുന്നതെന്നും അവര്‍ പറഞ്ഞു.
പി.മുരളീധരന് അധ്യക്ഷത വഹിച്ചു. കെ.സി.ഉമേഷ് ബാബു, അഡ്വ.ബ്രിജേഷ്കുമാര്‍, അപ്പുക്കുട്ടന് കാരയില്‍ എന്നിവര്‍ പ്രസംഗിച്ചു.