ചെങ്ങന്നൂർ: ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻനായരുടെ സംസ്കാരം ഇന്ന് ചെങ്ങന്നൂർ ആലായിലെ വീട്ടുവളപ്പിൽ നടക്കും. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിൽവച്ച് ഇന്നലെ പുലർച്ചെ 4.15ഓടെ മരണമടയുകയായിരുന്നു. ചെങ്ങന്നൂർ ആലായിലെ വീട്ടുവളപ്പിൽ വൈകുന്നേരം അഞ്ചിനാണ് സംസ്കാരം.
ഇന്നു രാവിലെ തിരുവനന്തപുരം വിജെടി ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹം വിലപയാത്രയായി എം.സി.റോഡിലൂടെ പന്തളത്ത് എത്തിച്ചേരും. അവിടെനിന്ന് സിപിഎം നേതാക്കൾ ഏറ്റുവാങ്ങി ചaെങ്ങന്നൂർ ഏരിയ കമ്മറ്റി ഓഫീസിലും ചെങ്ങന്നൂർ ബാർ അസോസിയേഷൻ ആസ്ഥാനത്തും പൊതുദർശനത്തിന് ശേഷമാണ് ആലായിലുള്ള വീട്ടിലേക്ക് എത്തിക്കുക. വീട്ടിൽ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മൂന്നു മാസക്കാലമായി കരൾരോഗ ബാധിതനായ കെ.കെ.രാമചന്ദ്രൻ നായർ ആദ്യഘട്ടത്തിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 31ന് ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2016 മേയിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലാണ് രാമചന്ദ്രൻ നായർ ചെങ്ങന്നൂരിൽ നിന്നുള്ള നിയമസഭ സാമാജികനാകുന്നത്. എംഎൽഎ ആയിരുന്ന പി.സി.വിഷ്ണുനാഥിനെയാണ് 7983 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.
2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോണ്ഗ്രസിലെ ശോഭന ജോർജിനോട് പരാജയപ്പെട്ടിരുന്നു. ആലാപ്രശാന്ത് ഭവനിൽ(ഭാസ്കര വിലാസം) പരേതരായ കരുണാകരൻ നായർ -ഭാരതി ദന്പതികളുടെ മകനായി 1952 ഡിസംബർ ഒന്നിന് ജനിച്ച രാമചന്ദ്രൻ നായർ ആലാ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ പ്രീ ഡിഗ്രിയും പന്തളം എൻഎസ്എസ് കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
തിരുവനന്തപുരം ഗവ. ലോ കോളജിൽ നിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. അടിയന്തിരാവസ്ഥയ്ക്ക് എതിരെയുള്ള സമരങ്ങളുടെ ഭാഗമായി എസ് എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ഫീസ് ഏകീകരണ സമരത്തിൽ ലാത്തിയടിയിലും ഗ്രനേഡ് ആക്രമണത്തിലും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞിരുന്നു.
ലോ കോളജ് യൂണിറ്റ് സ്രെട്ടറി, തിരുവനന്തപുരം താലൂക്ക് ജോയിന്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1977ൽ ലോ കോളജ് യൂണിയൻ ചെയർമാനായിരുന്നു. 1979 മുതൽ ചെങ്ങന്നൂരിലെ അഭിഭാഷകനായി പ്രവർത്തനം തുടങ്ങി. ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, സിപിഎം താലൂക്ക് സെക്രട്ടറി, ജില്ലാ കമ്മറ്റിഅംഗം, ഡിവൈഎഫ്ഐ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റ്, പുലിയൂർ ബിഡിസി ചെയർമാൻ, ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.
നിലവിൽ മാന്നാർ അലിൻഡ് സ്വിച്ച്ഗിയർ എംപ്ലോയീസ് യൂണിയൻ(സിഐറ്റിയു) പ്രസിഡന്റ്, അലിൻഡ് ആൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മറ്റി കണ്വീനർ, ചെങ്ങന്നൂർ സർഗവേദി പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുകയായിരുന്നു.
വിദ്യാർഥിയായിരുന്ന കാലത്ത് പന്തളീയൻ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു. ഭാര്യ പൊന്നുമണി റാന്നി കോട്ടാങ്ങൽ ഇടത്തറ കുടുംബാംഗമാണ്. മകൻ: പ്രശാന്ത്. സഹോദരങ്ങൾ: ഭാസ്കരൻ നായർ, രത്നമ്മ, ഡോ. രാധാകൃഷ്ണൻനായർ, ശോഭന കുമാരി, പരേതനായ വിജയകുമാര കാരണവർ.
കെ.കെ.ആറിന്റെ ജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞത്
ചെങ്ങന്നൂർ: നിനച്ചിരിക്കാതെ കൈനിറയെ ഭാഗ്യം കൈവരുന്പോഴും തുടർന്ന് ദൗർഭാഗ്യങ്ങളുടെ ഘോഷയാത്രതന്നെ സംഭവിച്ച രാഷ്ട്രീയജീവിതമായിരുന്നു കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎയുടേത്.പതിറ്റാണ്ടുകൾ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന രാമചന്ദ്രൻ നായരുടെ രാഷ്ട്രീയ ജീവിതം ഉയർച്ചതാഴ്ചകൾ ഇടകലർന്നതായിരുന്നു. ചെറുപ്പത്തിൽ തന്നെ പാർട്ടിയിലെ ഉന്നത പദവികൾ അലങ്കരിച്ച രാമചന്ദ്രൻ നായർ ഒരവസരത്തിൽ പാർട്ടിയിൽ തീരെ തഴയപ്പെട്ടപ്പോൾ പൊതുപ്രവർത്തനം അവസാനിപ്പിച്ച മട്ടിലായിരുന്നു. അതിനുശേഷം എംഎൽഎ ആയി മത്സരിക്കാൻ അവസരം കൈവന്നു.
2001ൽ ആദ്യഘട്ടത്തിലെ തോൽവിക്ക് ശേഷം രാഷ്ട്രീയ വനവാസത്തിലേക്ക്. 15 വർഷക്കാലത്തിന് ശേഷം വീണ്ടും നിനച്ചിരിക്കാതെ എംഎൽഎ ആയി മത്സരിക്കാൻ അവസരം ലഭിച്ചു. വിജയിച്ച ശേഷം മാസങ്ങൾ പിന്നിട്ടപ്പോൾതന്നെ കാലയവനികയിൽ മറഞ്ഞു. ഇന്നത്തെപ്പോലെ സുഗമമായ രാഷ്ട്രീയ പ്രവർത്തനം അപ്രാപ്യമായിരുന്ന കാലത്ത് യൗവന പ്രായത്തിൽ തന്നെ 14 വർഷക്കാലമാണ് തുടർച്ചയായി കെ.കെ.രാമചന്ദ്രൻ നായർ പാർട്ടിയുടെ താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചത്. ഇന്നത്തെ ചെങ്ങന്നൂർ, മാന്നാർ ഏരിയ കമ്മറ്റികൾ ഉൾപ്പെടുന്ന വള്ളക്കാലി മുതൽ വെണ്മണിവരെയുള്ള വലിയ മേഖല തന്നെയായിരുന്നു കെ.കെ.ആറിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നത്.
എന്നാൽ പാർട്ടിയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ മൂലം അഭിഭാഷക വൃത്തിയിൽ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിയാതെ പോയി. അത് സാന്പത്തിക പ്രതിസന്ധിക്കും കാരണമായി. അന്തരിച്ച കെ.ജി.ശങ്കരപ്പിള്ളയ്ക്ക് ശേഷം പാർട്ടിയെ ദീർഘകാലം ചെങ്ങന്നൂരിൽ നയിച്ച നേതാവായിരുന്നു രാമചന്ദ്രൻ നായർ. സിപിഎം ജില്ലാ കമ്മറ്റി അംഗമായും ദീർഘകാലം പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
2001ൽ ശോഭന ജോർജിനോട് 1425 വോട്ടിന് പരാജയപ്പെട്ട രാമചന്ദ്രൻ നായർ രാഷ്ട്രീയ വനവാസം നയിച്ചു വന്ന വേളയിലാണ് അപ്രതീക്ഷിതമായി ഇടതു മുന്നണി സ്ഥാനാർത്ഥിയാകാൻ അവസരം ലഭിച്ചത്. പാർട്ടിയിലെ ഒരു വലിയ വിഭാഗത്തിന് ശുഭപ്രതീക്ഷ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഫലം വന്നപ്പോൾ ഏഴായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് രാമചന്ദ്രൻ നായർ ജയിക്കുന്നത്.
അങ്ങനെ നീണ്ട 46 വർഷത്തിന് ശേഷമാണ് സിപിഎം സ്ഥാനാർത്ഥി ചെങ്ങന്നൂരിൽ ജയിക്കുന്നത്. 1970ൽ ഏറ്റവും ഒടുവിൽ സിപിഎമ്മിന്റെ പി.ജി.പുരുഷോത്തമൻ പിള്ളയാണ് ചെങ്ങന്നൂരിൽ നിന്ന് കെ.കെ.രാമചന്ദ്രൻ നായർക്ക് മുൻപ് ജയിച്ച സിപിഎം സ്ഥാനാർത്ഥി.
2016ൽ രാമചന്ദ്രൻ നായർ ജയിച്ചതിന് ശേഷം പ്രായം പോലും പരിഗണിക്കാതെ മണ്ഡലത്തിൽ ഉടനീളം ഓടിനടന്ന് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്പോഴാണ് ആകസ്മികമായി രോഗ ബാധിതനാകുന്നതും പെട്ടന്ന് തന്നെ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞതും.