തിരുവനന്തപുരം: ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് വടകര എംഎൽഎ കെ.കെ. രമ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അവർ. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിത്. സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് രമ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കര്ട്ടൻ സ്ഥാപിച്ചതിനെയും രമ വിമർശിച്ചു.കര്ട്ടൻ സ്വര്‍ണം പൂശിയതാണോ, അങ്ങനെയാണെങ്കിൽ ഉപയോഗം കഴിഞ്ഞശേഷം മ്യൂസിയത്തിൽ വയ്ക്കുന്നത് നന്നായിരിക്കുമെന്ന് അവർ പരിഹസിച്ചു. ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കര്ട്ടൻ സ്ഥാപിച്ചത്.
ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ് കേരളത്തിൽ മുടങ്ങാതെ നടക്കുന്നത്. സാധാരണക്കാരിൽ നിന്നും നികുതി പിഴിഞ്ഞെടുക്കുകയാണ്. എന്നാൽ ഇതൊന്നും വൻകിടക്കാരെ ബാധിക്കുന്നില്ലെന്നും രമ ആരോപിച്ചു.
ആശ്വാസകിരണം, കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായമുള്‍പ്പെടെയുള്ള പദ്ധതികൾ പോലും ഇപ്പോള്‍ ലഭ്യമാകുന്നില്ല. സപ്ലൈകോയുടെ അവസ്ഥ അതിലും പരിതാപകരമാണ്. സ്വന്തം അധ്വാനത്തില്‍നിന്ന് തൊഴിലാളികള്‍ അംശാദായം അടച്ച ക്ഷേമനിധി പോലും മുടങ്ങി കിടക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.