സ്വന്തം ലേഖകന്‍
കോഴിക്കോട്: കെ.കെ.രമയും സിപിഎം നേതാക്കളും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ അതിന്റെ പാരമ്യതയില്‍ എത്തിനില്ക്കുമ്പോള് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപാര്‍ട്ടി നേതാക്കളും രംഗത്ത്.
സിപിഎമ്മിനെ ഏറെ പ്രതിക്കൂട്ടിലാക്കിയ ടി.പി. ചന്ദ്രശേഖരന് വധമുള്‍പ്പെടെ ചര്‍ച്ചയാക്കിക്കൊണ്ടാണ് വിവാദം കൊഴുക്കുന്നത്.
എളമരം കരീം
കെ.കെ.രമയെ ഒറ്റുകാരി എന്ന് പറഞ്ഞുകൊണ്ട് എളമരം കരീം എംപി തുടങ്ങി വച്ച പ്രസംഗത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.
അതിനിടയിലാണ് ഇന്നലെ നിയമസഭയില്‍ മുന്‍ മന്ത്രി എം.എം.മണിയുടെ വിധവ പരാമര്‍ശവും ഉണ്ടായത്. ഇതോടെ വിവാദം അതിന്റെ മൂര്ധന്യവസ്ഥയില് എത്തി നില്‍ക്കുകയാണ്.
ഒഞ്ചിയം
ഒഞ്ചിയത്തുള്‍പ്പെടെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് ആര്‍എംപിഐയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ഇന്നലെ ആര്‍എംപിഐ ടിപി വധമുള്‍പ്പെടെ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിരോധവുമായി പ്രസ്താവനയിലൂടെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെവിവാദം തുടര്‍നാളുകളിലും കത്തിപ്പടരുമെന്ന് ഉറപ്പാണ്.
‘എന്റെ വിധി തീരുമാനിച്ചത് ‘
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് കടുത്ത രീതിയില്‍ സിപിഎം രംഗത്തെത്തിയത്.
‘ആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’എന്നായിരുന്നു എം.എം. മണിയുടെ പ്രസംഗം.
എന്റെ വിധി തീരുമാനിച്ചത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നായിരുന്നു കെ.കെ.രമയുടെ ഇതിനോടുള്ള പ്രതികരണം. സിപിഎമ്മിന് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
വിപ്ലവ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പ്രതിഫലമാണ് കെ.കെ.രമയുടെ എംഎല്‍എ സ്ഥാനമെന്നായിരുന്നു സിപിഎം ജില്ലാസെക്രട്ടറി പി.മോഹനനും എളമരം കരീം എല്‍എല്‍എയും പ്രദേശിക നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ ആരോപിച്ചിരുന്നത്.
മണിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ ഏറ്റവും വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ വഷളാവുകയായിരുന്നു.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്.എം.എം. മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
എം.എം. മണിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കെ.കെ.രമയ്ക്കെതിരെ എം.എം. മണി നിയമസഭയിൽ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ബഹളം.
ചോദ്യോത്തരവേള തടസപ്പെട്ടതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നലെ എം.എം. മണി നടത്തിയ പരാമർശം സ്ത്രീ വിരുദ്ധവും നിന്ദ്യവും നീചവുമാണെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു.
മണി മാപ്പു പറയണമെന്ന്
എംഎം മണി മാപ്പു പറയണമെന്ന് എഴുതിയ പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി.
ഇന്ന് എംഎം മണി സഭയിൽ എത്തിയിരുന്നില്ല. കെ.കെ.രമയ്ക്കെതിരെ മണി നടത്തിയ പരാമർശം സ്ത്രീ വിരുദ്ധവുംനിന്ദ്യവും ക്രൂരവുമാണെന്നും മണി മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സഭയിൽ പറഞ്ഞു.
ക്രൂരമായ പരാമർശം നടത്തിയ മണിയോട് മാപ്പു പറയാൻ മുഖ്യമന്ത്രി ആവശ്യപ്പെടാതെ അതിനെ ന്യായികരിക്കുകയാണ് ചെയ്തത്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ വിധിച്ചത് പാർട്ടി കോടതിയാണ്.
ശിക്ഷ വിധിച്ച ജഡ്ജി ആരാണെന്ന് തനിക്കറിയാമെന്നും ആ പേര് പറയണോ എന്നും സതീശൻ ചോദിച്ചു. അണ്‍പാർലമെന്ററിയായ പദപ്രയോഗങ്ങൾ അംഗങ്ങൾ പ്രയോഗിച്ചാൽ അത് സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യാൻ മാത്രമെ ചെയറിന് അധികാരമുള്ളുവെന്ന് സ്പീക്കർ വ്യക്തമാക്കി.
മണി മാപ്പ് പറയാതെ തങ്ങൾ ഈ വിഷയത്തിൽ നിന്നു പിൻമാറില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു.
ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ സഭാ നടപടികൾ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.
‘പാർട്ടി കോടതിയുടെ വിധിയോ?’
കെ.കെ രമയ്ക്ക് എതിരെ എം.എം മണി നടത്തിയ ക്രൂരവും നിന്ദ്യവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടതെന്ന് വി.ഡി.സതീശൻ പിന്നീട് സഭയ്ക്കു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.
എം.എം മണിയെ ന്യായീകരിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയും ശ്രമിച്ചത്. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെ.കെ രമയെ പിന്നാലെ നടന്ന് വേട്ടയാടുകയാണ്.
അവര്‍ വിധവയായത് അവരുടെ വിധി കൊണ്ടെന്നാണ് മണി പറഞ്ഞത്. പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണത്.
പാര്‍ട്ടി കോടതിയുടെ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും അന്ന് പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ്.
പിണറായി വിജയന്റെ പാര്‍ട്ടി കോടതിയിലാണ് ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്.
അതിന് നേതൃത്വം കൊടുത്ത ഒരാള്‍, ചോരയുടെ കറ ഇപ്പോഴും കൈകളിലുള്ള മുഖ്യമന്ത്രി, ആ കസേരയില്‍ ഇരുന്നു കൊണ്ട് കൊന്നിട്ടും പകതീരാതെ സംസാരിക്കുമ്പോഴും ന്യായീകരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരൻ നിയമസഭയിൽ ജീവിക്കുന്നു: കെ.കെ.രമ
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ നിയമസഭയിൽ ജീവിക്കുന്നുവെന്ന് കെ.കെ.രമ. വിമർശനങ്ങളെ പോലും സഹിഷ്ണുതയോടെ സമീപിക്കാൻ ഭരണപക്ഷത്തിന് സാധിക്കുന്നില്ലെന്നും കെ.കെ.രമ. നിയമസഭയിൽ പറഞ്ഞു.
എം.എം മണി ഇന്നലെ നടത്തിയ പരാമർശത്തെ മുഖ്യമന്ത്രിയും ഭരണപക്ഷവും ന്യായികരിക്കുകയാണെന്നും അവർ ആരോപിച്ചു. നിയമസഭ പിരിഞ്ഞതിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ.
പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് എം.എം.മണി
തിരുവനന്തപുരം: കെ.കെ.രമയ്ക്കെതിരേ നടത്തിയ പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് എംഎം മണി. രമ കഴിഞ്ഞ ഒരു വർഷക്കാലമായി മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യുകയാണ്.
അവർ വിധവയായത് വിധി എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും നാൾ തങ്ങൾ ഒന്നും പറഞ്ഞിട്ടില്ലെന്നും എംഎം മണി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.