
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായിരുന്ന പി.കെ. കുഞ്ഞനന്തന്റെ മരണത്തിനു ശേഷം ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ടി.പിയുടെ ചിത്രത്തിന് ലക്ഷകണക്കിന് ലൈക്കുകളും ഷെയറുകളും.
ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. “എന്റെ സഖാവെ…’ എന്ന് പറഞ്ഞ് ടി.പി ഒരു വിവാഹസദ്യയിൽ ഭക്ഷണം വിളന്പുന്ന ചിത്രമാണ് രമ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റ് നിരവധിയാളുകൾ ഏറ്റെടുക്കുകയായിരുന്നു. ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തൻ ഇന്നലെ രാത്രി 9.35 ഓടെ തിരുവനന്തപുരത്ത് വച്ചായിരുന്നു മരിച്ചത്.
10.20 നാണ് ടി.പിയുടെ പടം വച്ച് രമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് സമൂഹമാധ്യമം ഏറ്റെടുക്കുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന് ആദരാജ്ഞലികളും അഭിവാദ്യവും അർപ്പിച്ചാണ് കമന്റുകൾ ഏറെയും.
കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൻമാരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.