തിരുവനന്തപുരം: ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ചാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ. ഇതിന് പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും ഉപഭോക്താക്കൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.
മഴക്കുറവും ജലലഭ്യതക്കുറവും വൈദ്യുതി മേഖലയിൽ നിലവിൽത്തന്നെ പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണു മന്ത്രിയുടെ മുന്നറിയിപ്പ്. വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്നു വാങ്ങുകയാണ്. സംസ്ഥാനത്ത് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകൾ ആരംഭിക്കാൻ താല്പര്യം ഉണ്ടെങ്കിലും എതിർപ്പുകളാണ് വിലങ്ങുതടിയാകുന്നത് എന്നും മന്ത്രി പറഞ്ഞു.