തിരുവനന്തപുരം: കേരളത്തിൽ ജെഡിഎസ് സ്വതന്ത്രമായി നിൽക്കാനാണ് കേരളഘടകത്തിന്റെ തീരുമാനമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സിപിഎമ്മിൽനിന്നു സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകത്തിൽ സ്ഥിതി വഷളാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയതെന്നും കെ.കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പം കൂടിയത് പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന ദേവഗൗഡയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
എന്നാൽ പിന്നീട് ദേവഗൗഡ ഈ പ്രസ്താവന തിരുത്തി. കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെ തുടരുമെന്ന നിലപാടിലാണ്.
വിവാദത്തിൽ കേരള ജെഡിഎസിനെ സിപിഎം പരസ്യമായി പിന്തുണച്ചിരുന്നു. കേരള ജെഡിഎസ് എൽഡിഎഫിൽ തുടരുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞിരുന്നു.