വെമ്പായം : ദുർഗന്ധംവമിക്കുന്ന മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു . വെഞ്ഞാറമൂട്ടിൽ നിന്നും തേമ്പാമൂട് വഴി വെമ്പായം നെടുമങ്ങാട് ഭാഗത്തേക്ക് വന്ന ഗുജറാത്ത് രജിസ്ട്രേഷൻ GH 11 VV 9292 കണ്ടെയ്നർ ലോറിയാണ് നാട്ടുകാർ വെമ്പായം ചിറത്തലയ്ക്കൽ തടഞ്ഞത്. രാത്രി 11 ഓടെ ആയിരുന്നു സംഭവം.
വെഞ്ഞാറമൂട് തേമ്പാമൂട് വഴി മലയോര പ്രദേശങ്ങളിൽ വില്പനയ്ക്കയും അവിടെ നിന്നു നെടുമങ്ങാട് ചന്തയിലേക്ക് കൊണ്ടു പോകുന്നതിനുമായി ഇടറോഡിലൂടെ കൊണ്ടു പോകുമ്പോഴായുരുന്നു നാട്ടുകാർ വാഹനം തടഞ്ഞത്.
വാഹനം കടന്നുവന്ന റോഡിൽ ദുർഗന്ധം സഹിക്കാൻ വയ്യാത്തതിനാൽ നാട്ടുകാർ ലോറിക്കു പുറകെ വന്ന് വാഹനം തടയുകയായിരുന്നു.
വാഹനം കടന്നു പോയ വഴി മൂക്കു പൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു. സംഭവ സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ വെഞ്ഞാറമൂട് പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം വാഹനം കസ്റ്റഡിയിലെടുത്തു പരിശോധിക്കുകയും ചെയ്തു. ഗുജറാത്തിൽ നിന്നാണ് മീൻ കയറ്റിവന്നത്.
സീൽ ചെയ്ത പെട്ടിയോ ഐസൊലേറ്റ്ചെയ്ത വാഹനമോ അതിനു വേണ്ട സർട്ടിഫിക്കറ്റുകളോ ഒന്നും തന്നെ ഇല്ലാതെ വന്ന വാഹനമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് തന്നെ ഉദ്യോഗസ്ഥർക്ക് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
ഈ സമയംതന്നെ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ ജി. സന്തോഷ് മത്സ്യം പരിശോധിച്ചു. പ്രഥമദൃഷ്ട്യാതന്നെ മത്സ്യം കേടു ഉള്ളതാണെന്നും ഉപയോഗിക്കാൻ കഴിയാത്തതാണെന്നും വ്യക്തമാക്കി.
എന്നാൽ വിദഗ്ധ പരിശോധനയ്ക്കായി കടമ്പാട്ടുകോണം ഫുഡ് ആൻഡ് സേഫ്റ്റിക്ക് കൈമാറണമെന്ന് വെഞ്ഞാറമൂട് പോലീസ് ആവശ്യപ്പെട്ടു.
കടമ്പാട്ടുകോണം ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ മത്സ്യം ചീഞ്ഞതാണെന്നും ആറുമാസം പഴക്കമുണ്ടെന്നും വ്യക്തമായി.
125 പെട്ടികളിൽ നിറച്ച ചാള, പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വങ്കട എന്നീ മത്സ്യങ്ങൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് കടമ്പാട്ടുകോണം പഞ്ചായത്തിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.
വാഹനത്തിൽ രണ്ട് ഗുജറാത്ത് സ്വദേശികളും ഒരു കാസർഗോഡ് സ്വദേശിയുമാണ് ഉണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്ന് നെല്ലനാട് ഹെൽത്ത് ഇൻസ്പെക്ടർ വെഞ്ഞാറമൂട് സർക്കിളിനോട് ആവശ്യപ്പെട്ടു.