വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ. കെ. ശൈലജയ്ക്ക് വിജയാശംസകൾ നേർന്ന് നടൻ കമല്‍ ഹാസന്. കോവിഡ് മഹാമാരിയിൽ ലോകം പകച്ചുനിന്നപ്പോൾ കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ. കെ. ശൈലജ.
2018 ൽ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ വ്യക്തിയാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ എന്ന് കമൽ ഹാസൻ പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃകയായത് ശൈലജയുടെ നേതൃപാഠവും ഒന്നുകൊണ്ട് മാത്രമാണ്. ലോകാരോഗ്യ സംഘടനയും അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരം നൽകി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് കെ. കെ. ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
കേരളവും തമിഴ്നാടും കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന രണ്ട് സംസ്ഥാനങ്ങളാണ്. ഈ വ്യവസ്ഥിതിക്കെതിരേ പാർലമെന്റിനകത്തും പുറത്തും ശബ്ദമുയർത്താൻ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.