കോഴിക്കോട്: യുഡിഎഫും അവരുടെ മീഡിയ വിഭാഗവും വ്യാജ പ്രചാരണം വഴി തേജോവധം ചെയ്യുന്നുവെന്ന പരാതിയുമായി വടകരയിലെ എല്ഡിഎഫ് സ്ഥാനാര്ഥി കെ.കെ. ശൈലജ രംഗത്ത്. തനിക്കെതിരേ വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെ.കെ. ശൈലജ പറയുന്നു. വ്യാജ പ്രചാരണങ്ങള്ക്കെതിരേ ഇലക്ഷന് കമ്മീഷന് ഇന്ന് പരാതി നല്കുമെന്നും അറിയിച്ചു.
‘എന്റെ വടകര KL 11’ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. പാനൂർ സ്ഫോടനക്കേസ് പ്രതി അമൽ കൃഷ്ണയുടെ കൂടെ നിൽക്കുന്ന വ്യാജ ചിത്രം നിർമിച്ച് പ്രചരിപ്പിച്ചു. അത് നൗഫൽ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫൽ തന്നെ ഇതിനെതിരേ രംഗത്ത് വന്നുവെന്നും ശൈലജ പറഞ്ഞു.
തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരേ അപവാദ പ്രചാരണം നടത്തി. ലെറ്റർ പാഡിൽ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണു പ്രചരിപ്പിച്ചത് എന്ന് കെ.കെ. ശൈലജ പറഞ്ഞു.