തിരുവനന്തപുരം: കോവിഡ് റെഡ്സോണുകളിൽ നിന്ന് കൂടുതൽ ആളുകൾ സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തിൽ കേരളത്തിൽ രോഗവ്യാപനം തടയാൻ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ.
കേരളത്തെ രക്ഷിക്കാൻ ശക്തമായ ക്വാറന്റൈൻ വേണമെന്നും അതിർത്തികളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാൽ കേരളത്തിന് പിടിച്ചുനിൽക്കാനാവാത്ത അവസ്ഥ വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ആഭ്യന്തര വിമാന സർവീസ് തുടങ്ങുന്നത് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂട്ടും. ഇത്തരത്തിൽ യാത്ര ചെയ്ത് കേരളത്തിലെത്തുന്നവർ നിർബന്ധമായി 14 ദിവസത്തെ ഹോം ക്വാറന്റൈ നിൽ പോകണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ പരിശോധനയുടെ എണ്ണം കൂട്ടും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേരും അവശരാണ്. റെഡ് സോണുകളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ നിന്നും രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം ആളുകൾ വരുന്നതിന്റെ എണ്ണം അനുസരിച്ച് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ക്വാറന്റൈൻ സെന്ററുകളിൽ സൗകര്യങ്ങൾ കുറയും.
ഓരോരുത്തർക്കും ഓരോ കക്കൂസ് എന്ന വിധത്തിൽ നൽകാനാകില്ലെന്നും സർക്കാർ ഏറ്റെടുത്തിരിക്കുന്ന ക്വാറന്റൈൻ സെന്ററുകളിൽ കഴിയാവുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.