തിരുവനന്തപുരം: പാന്പുകടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
ഇതു സംബന്ധിച്ചു വാവ സുരേഷ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
ആശുപത്രിയിലെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടക സൗജന്യമായിരിക്കും.
അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടൻ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും മന്ത്രി അറിയിച്ചു.
വ്യാഴാഴ്ചയാണ് പാന്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ വലത് കൈയ്യിൽ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാൻ സാധിച്ചു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നു.
ഉടൻ തന്നെ വാവ സുരേഷിനെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിഷബാധ നിർവീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നൽകി നിരന്തരം നിരീക്ഷിച്ചു.
പാന്പുകടിയായതിനാൽ അതീവ ശ്രദ്ധ ആവശ്യമായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്.
വിഷത്തിന്റെ തീവ്രത കൂടിയതിനാൽ നാലു പ്രാവശ്യമാണ് വിഷം നിർവീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നൽകിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നൽകി.
വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചതായും മന്ത്രി അറിയിച്ചു.