കോഴിക്കോട്: സംസ്ഥാനത്തു ലഹരി ഉപഭോക്താക്കളെ ലക്ഷ്യമിട്ടു മയക്കുമരുന്നു വിതരണത്തിനു കാരിയര്‍മാരായി കൂടുതല്‍ യുവതികള്‍ എത്തുന്നതായി കണ്ടെത്തല്‍.
പോലീസിന്റെയും എക്സൈസിന്റെയും പരിശോധനയില്‍നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാനും സംശയിക്കാതിരിക്കാനുമാണ് യുവതികളെ ലഹരി കാരിയര്‍മാരാക്കുന്നത്.
സംശയം തോന്നിയാല്‍ പോലും സ്ത്രീകളുണ്ടെങ്കില്‍ വാഹനത്തിന്റെ രേഖകള്‍ മാത്രം പരിശോധിച്ചു വിടുകയാണ് പതിവ്. ഈ ഇളവാണ് ലഹരിസംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.
അതേസമയം, പോലീസും എക്സൈസും ലഹരി ചുമക്കുന്ന യുവതികളെ പിടികൂടാന്‍ കര്‍ശന പരിശോധനയുമായി രംഗത്തുണ്ട്.
മൂന്നു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടു പേരെയാണ് എക്സൈസും പോലീസും പിടികൂടിയത്.
നിലവില്‍ കോഴിക്കോട്ട് എക്സൈസില്‍ വനിതകള്‍ 17 പേര് മാത്രമാണുള്ളത്. ഇവരുടെ സേവനം ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണവും തുടരുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
നിരവധി യുവതികൾ
അടുത്തിടെ കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത വലിയ ലഹരിക്കേസുകളിലെല്ലാം യുവതികളുടെ പങ്കാളിത്തമുണ്ട്.
അതേസമയം പിടിക്കപ്പെട്ടവരെല്ലാം ലഹരിയുടെ അടിമകളല്ല. സൗഹൃദ വലയങ്ങളിലൂടെയും മറ്റുമാണ് ഇവരില്‍ പലരും ഈ മേഖലയിലെത്തിയത്.
പിടിയിലായവരില്‍ കോളജ് വിദ്യാര്‍ഥിനികളും ഉള്‍പ്പെടുന്നുണ്ട്. മറ്റു ജില്ലകളിലും യുവതികൾ മയക്കു മരുന്നുമായി പിടിയിലാകുന്നുണ്ട്.
ലഹരി റൈഡുകൾ
സുഹൃത്തുക്കളുടെ നിര്‍ദേശാനുസരണം ബംഗളൂരു, ഗോവ, മൈസൂരു എന്നവിടങ്ങളിലേക്കടക്കം ദീര്‍ഘദൂര റൈഡുകള്‍ നടത്തുകയും പിന്നീട് ലഹരി സംഘങ്ങളിലേക്ക് എത്തുകയുമാണ് പതിവ്.
ഇത്തരക്കാരെ ലഹരിസംഘങ്ങളില്പെട്ടവര് ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും പോലീസും എക്സൈസും വ്യക്തമാക്കി.
പിടിയിലായ ഒരു സ്ത്രീ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കു നേരിട്ടു ഗോവയില്‍നിന്നു മയക്കുഗുളിക എത്തിച്ചുനല്കുന്നയാളാെണന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ബംഗളൂരുവില്‍ ജോലിചെയ്തപ്പോഴാണ് ഇവര്‍ ഗോവയിലെ ലഹരിസംഘങ്ങളുമായി അടുപ്പം സ്ഥാപിക്കുന്നത്.
ഒറ്റിക്കൊടുത്തത്
കാറില്‍ കഞ്ചാവ് കടത്തവെ പിടിയിലായ തൃശൂര്‍ സ്വദേശിനിയെ കിടക്ക പങ്കിടാൻ നിര്‍ബന്ധിച്ചിരുന്നതായും വിസമ്മതിച്ചതിലുള്ള പ്രതികാരമാണ് ഇവരെ പോലീസിന് ഒറ്റിക്കൊടുക്കുന്നതിനു കാരണമായതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
മാവൂര്‍ റോഡിലെ ലോഡ്ജില്‍നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ എട്ടംഗ സംഘത്തിലും 24ഗ്രാം ഹഷീഷ് ഓയിലുമായി മിനിബൈപാസില്നിന്ന് സ്കൂട്ടറുകള് സഹിതം രാത്രി ഒന്നരക്ക് പിടിയിലായ നാലംഗസംഘത്തിലും സ്ത്രീകളുണ്ടായിരുന്നു.
ബ്യൂട്ടീഷനായ യുവതിയും സുഹൃത്തും ചേര്‍ന്ന് പതിനെട്ടര കിലോ കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെ കുന്നമംഗലം പോലീസിന്റെയും മാരക മയക്കുമരുന്നായ എക്സ്റ്റസിയുടെ ഏഴ്ഗ്രാം തൂക്കംവരുന്ന 15 ഗുളികകളുമായി ചേവായൂര്‍ സ്വദേശിനി മെഡിക്കല്‍ കോളജ് പോലീസിന്റെയും പിടിയിലായിരുന്നു.
കാറില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേരും മാങ്കാവിലെ അപ്പാര്‍ട്ട് മെന്റില്‍നിന്നും ലഹരി വസ്തുക്കള്‍ സഹിതം സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്.