എടക്കര: വാട്ടർ അഥോറിറ്റിയുടെ ജലവിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് യുവാവിന്റെ ഒറ്റയാൾ സമരം. വെള്ളാരംകുന്ന് കൊല്ലറന്പൻ ജംഷീറലിയാണ് അലക്കാനുള്ള വസ്ത്രങ്ങളും ബക്കറ്റുമായി എടക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയത്. രണ്ടാഴ്ചയായി വെള്ളാരംകുന്ന് നിവാസികൾ കുടിവെള്ളം പോലും ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്.
പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളമില്ലാത്തതിനാൽ പലരും കുടുംബങ്ങളെ പോലും ബന്ധുവീടുകളിലേക്കു മാറ്റിയിരിക്കുകയാണെന്നും ജംഷീറലി പറഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തിയ ജംഷീറലി അധികൃതരെ കണ്ടു വിവരമറിയിച്ചു.
എന്നാൽ, വാട്ടർ അഥോറിറ്റിയാണ് ജലവിതരണം പുന:സ്ഥാപിക്കേണ്ടതെന്നും പ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു. തുടർന്നും ഓഫീസ് വരാന്തയിൽ ഇരുന്ന യുവാവിനെ പോലീസുകാരെത്തി മയത്തിൽ തിരിച്ചയക്കുകയായിരുന്നു.