ആലപ്പുഴ: നാടക-സിനിമാ നടൻ കെ.എൽ.ആന്റണിയുടെ മരണമറിയിച്ച് മകൻ ലാസർ ഷൈൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഈറനണിയിക്കുന്നു. ഞാൻ മരിക്കാൻ പോവുകയാണ്, താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെന്ന് അദ്ദേഹം മരിക്കുന്നതിനു തൊട്ടുമുന്പ് തന്നെ ഫോണിൽ വിളിച്ചു പറഞ്ഞെന്ന് പത്രപ്രവർത്തകനും എഴുത്തുകാരനും കൂടിയായ ലാസർഷൈൻ ഫേസ്ബുക്കിൽ കുറിച്ചു.
ലാസർ ഷൈനിന്റെ ഫേസ്ബുക്ക് കുറിപ്പ്…
ഉച്ചയോടെ ചാച്ചൻ വിളിച്ചു; “ഞാൻ മരിക്കാൻ പോവുകയാണ്… താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെ’ന്നു പറഞ്ഞു. എത്താവുന്ന വേഗതയിൽ എല്ലാവരും ഓടി; ചാച്ചൻ പിടി തന്നില്ല.
അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം. അന്പിളി ചേച്ചി ഒപ്പറേഷൻ തിയറ്ററിലാണ്. കാണാൻ പോയതായിരുന്നു ചാച്ചൻ. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്ഷോറിൽ 4.25-ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടിൽ ചെന്ന് ആ താക്കോലെടുക്കട്ടെ…
ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കെ.എൽ.ആന്റണിയുടെ അന്ത്യം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ചാച്ചൻ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നത്. മാനുഷ പുത്രൻ, ചങ്ങല, അഗ്നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
മഹേഷിന്റെ പ്രതികാരത്തിനു പുറമേ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. നാടകനടിയായ ലീനയാണ് ഭാര്യ. അന്പിളി, നാൻസി എന്നിവരാണു മറ്റു മക്കൾ.