ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിന് പിഴ. മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. രാഹുൽ ലെവല്‍ വണ്‍ കുറ്റംചെയ്തതയാണ് മാച്ച് റഫറി കണ്ടെത്തിയത്. പിഴയ്ക്കൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും രാഹുലിന്റെ അക്കൗണ്ടിലായി.
24 മാസത്തിനിടെ രാഹുലിന് ആദ്യമായാണ് ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത്. ലെവല്‍ വണ്‍ കുറ്റം കണ്ടെത്തിയാല്‍ മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളോ ആണ് പരമാവധി ശിക്ഷ. എന്നാല്‍ 24 മാസ കാലയളവിനിടെ നാലോ അതിലധികമോ ഡീ മെറിറ്റ് പോയിന്റുകളായാല്‍ താരത്തിന് സസ്പെന്ഷന് ലഭിക്കും.
രണ്ടാം ഇന്നിംഗ്സിൽ 46 റണ്‍സെടുത്ത രാഹുൽ ജെയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ പിടിച്ചു പുറത്തായി. ഇംഗ്ലണ്ട് റിവ്യൂ ആവിശ്യപ്പെട്ടാണ് രാഹുലിന്റെ വിക്കറ്റ് നേടിയത്. ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിക്കാതിരുന്നതോടെ ഇംഗ്ലണ്ട് റിവ്യൂ എടുക്കുകയായിരുന്നു.
ഇതില്‍ പന്ത് ബാറ്റില്‍ തട്ടിയതായി വ്യക്തമായതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയര്‍ തിരുത്തി, രാഹുല്‍ പുറത്തായി. എന്നാൽ തീരുമാനത്തില്‍ രാഹുലിന് തൃപ്തിയുണ്ടായിരുന്നില്ല. തിരിഞ്ഞുനിന്ന് അതൃപ്തി പ്രകടിപ്പിച്ചതിനാണ് പിഴ വിധിച്ചത്.