ബംഗളുരു: കെ.എൽ. രാഹുൽ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങൾക്കുണ്ടാകില്ല. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇക്കാര്യം സ്ഥിരീകരിച്ചു.
പരിക്കിൽനിന്നു മുക്തനായ രാഹുലിനെ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും, രാഹുലിനു ചെറിയ പ്രയാസങ്ങളുണ്ടെന്നു ടീം പ്രഖ്യാപിക്കുന്പോൾത്തന്നെ ചീഫ് സെലക്ടർ അജിത് അഗാർക്കർ സൂചന നൽകിയിരുന്നു.
രാഹുലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നാണു ദ്രാവിഡ് നൽകുന്ന സൂചന. രാഹുൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) തന്നെ തുടരുമെന്നും ടൂർണമെന്റിലെ താരത്തിന്റെ ഭാവിയെക്കുറിച്ച് സെപ്റ്റംബർ നാലിനു തീരുമാനിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
തുടയിലേറ്റ പരിക്കിനെത്തുടർന്നു മാസങ്ങളോളം രാഹുൽ ടീമിനു പുറത്തായിരുന്നു. ഇതോടെ, പാക്കിസ്ഥാനെതിരേയും നേപ്പാളിനെതിരായ രണ്ടാം മത്സരത്തിലും രാഹുലിന്റെ സേവനം ഇന്ത്യക്കു ലഭ്യമാകില്ല. രാഹുലിന്റെ പരിക്കു ഭേദമാകാത്തതിനെത്തുടർന്ന് ഏഷ്യാ കപ്പിനുള്ള ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നു. റിസർവ് താരമായാണു സഞ്ജുവിനെ പരിഗണിച്ചത്.
അതേസമയം, ശ്രേയസ് അയ്യർ പരിക്കിൽനിന്നു പൂർണമായും മുക്തനായി കായികക്ഷമത കൈവരിച്ചെന്നും ലോകകപ്പിനു മുന്പായി ഏഷ്യാകപ്പിൽ താരത്തിന് അവസരം നൽകുമെന്നും ദ്രാവിഡ് അറിയിച്ചു.
ശനിയാഴ്ച പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറു ടീമുകൾ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണു മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ ടീമുകളും ബിയിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളുമാണുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ ഫോറിലെത്തും. നാലു ടീമുകളും പരസ്പരം കളിച്ച് ആദ്യ രണ്ടുസ്ഥാനക്കാർ ഫൈനലിൽ കടക്കും.