മുംബൈ: ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഈ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയിലൂടെ രാജ്യാന്തര വേദിയിലേക്കു തിരിച്ചെത്തിയിരുന്നു. എന്നാൽ, ലങ്കൻ പരന്പരയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താൻ രാഹുലിനു സാധിച്ചില്ല. ഇതിനിടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ‘എനിക്കൊരു കാര്യം പറയാനുണ്ട്, കാത്തിരിക്കുക’ എന്നു കുറിച്ചത്.
ഈ സന്ദേശം ക്രിക്കറ്റ് ആരാധകർക്കിടെ ജിജ്ഞാസയുണ്ടാക്കി. രാഹുൽ വിരമിക്കുമെന്നുവരെയുള്ള ഊഹാപോഹങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ തീക്കാറ്റായി. സമീപകാലത്ത് കെ.എൽ. രാഹുലിന്റെ മോശം പ്രകടനങ്ങളാണ് വ്യാജ പോസ്റ്റുകൾ പ്രചരിക്കാൻ ഇടയാക്കിയതെന്നതാണ് വാസ്തവം.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സ്കിൽഡ് ബാറ്ററായാണ് രാഹുൽ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, കണ്‍സിസ്റ്റൻസി ഇല്ലാതായതോടെ ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിലുൾപ്പെടെ ഇടംലഭിച്ചില്ല. ഇതിനിടെ പരിക്കും രാഹുലിനെ വേട്ടയാടി.
ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാഹുൽ തെറിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ടീം ഉടമയായ സഞ്ജീവ് ഗോയങ്കയുമായുള്ള അസ്വാരസ്യമാണ് ഇതിനു കാരണം. 2025 ഐപിഎൽ മെഗാ താരലേലത്തിൽ രാഹുൽ ലക്നോ സൂപ്പർ ജയന്റ്സിനു പുറത്താകുമെന്ന് അഭ്യൂഹമുണ്ട്.