കൽപ്പറ്റ: ജില്ലയിലെ പൂട്ടിയ ബീവറേജസ് ഒൗട്ട്ലെറ്റുകളും ബിയർ-വൈൻ പാർലറുകളും തുറക്കാൻ അണിയറയിൽ നീക്കം സജീവം. കൽപ്പറ്റയിലെ സ്വകാര്യ ബിയർവൈൻ പാർലറുകൾ ഉൾപെടെ തിങ്കളാഴ്ചയോടെ പ്രവർത്തനമാരംഭിക്കുമെന്നാണ് സൂചന.
നിലവിൽ ദേശീയപാതയിൽ നിന്ന് 500 മീറ്റർ പരിധിയിലാണ് കൽപ്പറ്റയിലെ ബിയർവൈൻ പാർലറുകൾ പ്രവർത്തിക്കുന്നത്. ഇവരെ സഹായിക്കാൻ ബൈപാസ് റോഡ് ദേശീയപാതയാക്കി മാറ്റി ദേശീയപാതയിലുൾപ്പെട്ട കൽപ്പറ്റ ടൗണ് റോഡ് ജില്ലാ പാതയാക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. കൂടാതെ വൈത്തിരിയിൽ നിന്ന് പുഴമുടിയിലേക്ക് മാറ്റിയ ബീവറേജസ് ഒൗട്ട്ലെറ്റും അടുത്തദിവസങ്ങളിൽ പ്രവർത്തനമാരംഭിക്കും.
സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കാണ് അധികൃതർ മദ്യശാല മാറ്റിയിരുന്നത്. വ്യാപാര ആവശ്യങ്ങൾക്കായി വീട് ഉപയോഗിക്കാനുള്ള ലൈസൻസ് ഇല്ലാത്തതിനെ തുടർന്നാണ് പ്രവർത്തനം തുടങ്ങിയ ഒൗട്ട്ലെറ്റ് വീണ്ടും പൂട്ടാൻ കാരണം. എന്നാൽ ഇതിന് ലൈസൻസ് ലഭിച്ചതായാണ് വിവരം. അഡ്വാൻസ് ഇനത്തിൽ 20 ലക്ഷം രൂപയാണ് വീട്ടുടമയ്ക്ക് അധികൃതർ നൽകിയിരിക്കുന്നത്.
75000 രൂപ മാസ വാടകക്കാണ് വീട് ബെവ്കോ അധികൃതർക്ക് കൈമാറിയിരിക്കുന്നത്. ഭരണാനുകൂല വിദ്യാർഥി സംഘടനകൾ ഉൾപ്പടെ പുഴമുടിയിൽ മദ്യശാല സ്ഥാപിക്കുന്നതിനെതിരേ രംഗത്തെത്തിയിരുന്നു.ജില്ലയിൽ ഏറ്റവും കൂടുതൽ വിറ്റുവരവുള്ള മാനന്തവാടി വള്ളിയൂർക്കാവ് റോട്ടിലെ മദ്യശാല നിലനിർത്താൻ നേരത്തെ അധികൃതർ സംസ്ഥാന പാത മാറ്റി കൃത്രിമം കാണിച്ചിരുന്നു. ഇതേ രീതിയിലാണ് കൽപ്പറ്റയിലും അണിയറ നീക്കം നടക്കുന്നത്.
കൽപ്പറ്റ ബൈപാസ് റോഡ് ജില്ലാ പാതയായാൽ നേരത്തെ ടൗണിൽ പ്രവർത്തിച്ചിരുന്ന മദ്യശാല വീണ്ടും ടൗണിൽ മറ്റെവിടെയെങ്കിലും സ്ഥാപിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. വരുമാനം മാത്രം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ മദ്യനയം ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആക്ഷേപം ശക്തമാണ്.