ആലപ്പുഴ: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയും സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകാൻ നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെയും കെഎൽസിഎ ആലപ്പുഴ രൂപത സമിതി പ്രക്ഷോഭത്തിലേക്ക്. ട്രോളിംഗ് നിരോധന കാലത്ത് പൊതുവെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് മീൻപിടുത്ത വള്ളങ്ങൾ കടലിലിറക്കാൻ മണ്ണെണ്ണക്കായി വൻ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റർ മണ്ണെണ്ണക്ക് 70 രൂപയാണ് ഇപ്പോൾ ചെലവാകുന്നത്.
കേന്ദ്രത്തിൽ നിന്ന് ലഭിച്ചിരുന്ന സബ്സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് മാസങ്ങളായി. മത്സ്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രിൽ മുതൽ മണ്ണെണ്ണയില്ല. പ്രളയകാലത്ത് രക്ഷരായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അധികമായി പിരിച്ചെടുക്കുന്ന പ്രളയ സെസ്സിൽ വകയിരുത്തി സംസ്ഥാന സർക്കാർ സബ്സിഡി നൽകാൻ തയാറാകണമെന്ന് കഐൽസിഎ ആലപ്പുഴ രൂപത ഭാരവാഹികളും ജനപ്രതിനിധികളുമായ പി.ജി.ജോണ് ബ്രിട്ടോ, ഇ.വി.രാജു ഈരേശ്ശേരിൽ, ബിജു ജോസി കരുമാഞ്ചേരി എന്നിവർ കേന്ദ്ര സംസ്ഥാന ഗവർമെൻറുകളോട് ആവശ്യപ്പെട്ടു.
മത്സ്യമേഖലയ്ക്കുമാത്രമായി കേന്ദ്രസർക്കാർ നേരിട്ട് മണ്ണെണ്ണ വിഹിതം നൽകണം. നിലവിൽ റേഷൻ വിഹിതമായി നൽകുന്നതുകൊണ്ടാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ഉള്ളതെന്നും കഐൽസിഎ ഭാരവാഹികൾ പറഞ്ഞു. നിർത്തലാക്കിയ മത്സ്യത്തൊഴിലാളി ഭവന പദ്ധതി പുനരാരംഭിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.