അഞ്ചല്‍: ഏരൂര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കാട്ടാമ്പള്ളിയില്‍ വൃദ്ധന്റെ ദുരൂഹ മരണം കൊലപാതകം എന്ന് തെളിഞ്ഞു. കാട്ടാമ്പള്ളി മരോട്ടിതടം ചതുപ്പില്‍ ചരുവിള വീട്ടിൽ ഗോപാല(70) ന്റെ മരണമാണ് കൊലപാതകം എന്ന് തെളിഞ്ഞത്.
കേസില്‍ രണ്ട് പ്രതികളെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തുടയന്നൂര്‍ സരസ്വതി വിലാസം വീട്ടില്‍ ജയന് (44), തുടയന്നൂര്‍ വട്ടപ്പാട് പുത്തന്‍ മഠത്തില്‍ രമേശ് കുമാര്‍ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ കൊല്ലപ്പെട്ട ഗോപാലന്റെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു.
കൊലപാതകത്തെ കുറിച്ച് പ്രതികള്‍ പോലീസിനോട് പറയുന്നതിങ്ങനെ. ജനുവരി 31 ഞായറാഴ്ച രാത്രിയോടെ പ്രതികളായ രമേഷ്കുമാര്‍, ജയന് എന്നിവര്‍ കൊല്ലപ്പെട്ട ഗോപാലന്റെ വീടിന് സമീപത്തു എത്തി.
ഈ സമയം ഗോപാലന് കുളിക്കുകയായിരുന്നു. വീടിന് സമീപത്തായി ഊരി വച്ച സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കവെ പ്രതികളെ ഗോപാലന് കണ്ടു. തുടര്‍ന്ന് പ്രതികള്‍ ഗോപാലന്റെ കഴുത്തില്‍ തോര്‍ത്ത് ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും അബോധാവസ്ഥയിലായ ഗോപാലനെ കെട്ടി തൂക്കുകയുമായിരുന്നു.
ആദ്യം കെട്ടി തൂക്കുന്നതിനിടയില്‍ ഗോപാലന് നിലത്ത് വീണതായും പിന്നീട് വീണ്ടും കെട്ടി തൂക്കിയതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
പക്ഷെ മൃതദേഹം കണ്ടെത്തുന്നത് കട്ടിലില്‍ വിവസ്ത്രനായ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം കവര്‍ച്ച ചെയ്ത സ്വര്‍ണം വില്ക്കാന് ശ്രമിക്കുന്നതിനിടെ രമേശ് പിടിയിലായതാണ് കേസില്‍ നിര്‍ണായകമായത്.
രമേശ് പിടിയിലായതോടെ ഒളിവില്‍ പോയ ജയനെ അമ്പൂരിയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തെളിവെടുപ്പിനും കോവിഡ് അടക്കം വൈദ്യ പരിശോധനകള്‍ക്കും ശേഷം പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികൾ സ്വര്‍ണം ഉടൻ വില്ക്കാന് ശ്രമിച്ചത് കൊലപാതകത്തിന്റെ ചുരുളഴിയാനായി
പി. സനില്‍കുമാര്‍
അഞ്ചല്‍: പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യ എന്ന് കരുതിയ കാട്ടാമ്പള്ളി മരോട്ടിതടം ചതുപ്പില്‍ ചരുവിള വീട്ടില്‍ ഗോപാലന് എന്ന എഴുപതുകാരന്റെ മരണം കൊലപാതകം എന്ന് തെളിയിക്കാന്‍ പോലീസ് എടുത്തത് 48 മണിക്കൂര്‍ മാത്രമാണെങ്കില്‍ ഇതിലേക്ക് പോലീസിനെ എത്തിച്ചത് പിടിയിലായ പ്രതികള്‍ നടത്തിയ അതിസാമര്ഥ്യമായിരുന്നു.
ഞായറാഴ്ച രാത്രിയോടെ കൊലപാതകം നടത്തിയ പ്രതികള്‍ തൊട്ടടുത്ത ദിവസം കടയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന ഒരു ജൂവലറിയില്‍ എത്തുകയും കവര്‍ച്ച ചെയ്ത സ്വര്‍ണം വില്‍ക്കുകയുമായിരുന്നു. അറസ്റ്റിലായ രമേശ് കുമാര്‍ ആയിരുന്നു സ്വര്‍ണം വില്ക്കാന് എത്തിയത്.
ഈ സമയം മറ്റൊരുപ്രതിയായ ജയന് ജൂവലറി പരിസരത്ത് തന്നെ ഉണ്ടായിരുന്നു. സ്വര്‍ണം നല്കിയ രമേശ് കുമാറിന്റെ സ്വഭാവത്തില്‍ പന്തികേട് തോന്നിയ ജൂവലറി ജീവനക്കാര്‍ ഇയാള്‍ നല്കിയ ഫോണ്‍ നമ്പരില്‍ വിളിച്ചതോടെ സംഭവത്തിന്റെ ഗതി മാറി.
തെറ്റായ ഫോണ്‍ നമ്പര്‍ ആയിരുന്നു രമേശ് നല്‍കിയത്. ഇതോടെ ജൂവലറി ജീവനക്കാര്‍ കടയ്ക്കല്‍ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് എത്തിയതോടെ പുറത്ത് കാര്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്ന ജയന് മുങ്ങി. പിടിയിലായ രമേശ് കുമാര്‍ ആകട്ടെ തന്റെ സുഹൃത്ത് വില്ക്കാന് തന്ന സ്വര്‍ണമാണ് എന്ന് പറഞ്ഞ് തടിയൂരാനും ശ്രമിച്ചു.
ഇതിനിടയിലാണ് കൊല്ലപ്പെട്ട ഗോപാലന്റെ സ്വര്‍ണം നഷ്ടമായതായി മകന് പോലീസിന് മൊഴി നല്‍കുന്നത്. പോലീസ് സ്റ്റേഷനില്‍ എത്തിയ മകന് സ്വര്‍ണം തിരിച്ചറിയുകയും ചെയ്തു.
സുഹൃത്ത് വില്ക്കാന് ഏല്‍പ്പിച്ച സ്വര്‍ണം ആണെങ്കില്‍ എന്തിന് പേരും ഫോണ്‍ നമ്പരും അടക്കം മാറ്റി പറഞ്ഞുവെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് രമേശിന് കഴിയാതെ വന്നതോടെ ഗോപാലന്റെ മരണത്തിലെ ദുരൂഹത ഏറി.
കൂടുതല്‍ ചോദ്യം ചെയ്യലില്‍ അസ്വാഭാവിക മരണമായി ഒരുപക്ഷെ മാറിയേക്കാമായിരുന്ന മരണം കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസും എത്തി.
ഒളിവില്‍ പോയ ജയന്റെ ടവര്‍ ലൊക്കേഷന്‍ അടക്കം എടുത്ത പോലീസ് വേഗത്തില്‍ തന്നെ ഇയാളെ കണ്ടെത്തി പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകം എന്ന് തെളിഞ്ഞത്.
ഗോപാലന്റെ മരണത്തില്‍ എന്തെങ്കിലും തരത്തില്‍ അസ്വാഭാവികത കണ്ടെത്തുന്നതിന് മുമ്പ് സ്വര്‍ണം വിറ്റ് പണം നേടുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. എന്നാല്‍ പ്രതികളുടെ ഈ അതിസാമര്‍ഥ്യം ഇവരെ വളരെ വേഗം കുടുക്കുന്നതില്‍ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു.
ജൂവലറി ജീവനക്കാര്‍ കൃത്യസമയത്ത് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് ക്രിയാത്മകമായി ഇക്കാര്യത്തില്‍ ഇടപെടുകയും ചെയ്തതോടെ എളുപ്പത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.
ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഭാഷ്കുമാര്‍, ജൂനിയര്‍ സബ്ഇന്‍സ്പെക്ടര്‍ കിരണ്‍ ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഓയില്‍പാമില്‍ നിന്നും വര്‍ക്കര്‍ ആയി ജോലിയില്‍ നിന്നും വിരമിച്ച ഗോപാലന് ഒറ്റയ്ക്കായിരുന്നു താമസിച്ചു വന്നത്.